Tuesday, October 29, 2013

നീര്‍ച്ചാലുകരയിലെ സൈന

ഡോക്ടര്‍  ഫ്ളാറ്റിന്‍റെ സിറ്റൗട്ടിലിരുന്ന് നക്ഷങ്ങളില്ലാത്ത രാത്രിയെ നോക്കിയിരുന്നു.
ഇനിയും തണുക്കാത്ത ഉഷ്ണത്തിന്റ അശാന്തിയിലേക്ക് പതിഞ്ഞെത്തിയ കാറ്റ്, ഇരുട്ടിന്റ
ആത്മാവിലേക്ക് സുഗന്ധതൈലം കുടഞ്ഞ് കടന്ന്‌പോയി.
സൈനയുടെ മുടിയുടെ മണം! ആ തെന്നല്‍ ഒന്നുകൂടി വന്നെങ്കില്‍!
പിന്നീടെത്തിയ കാറ്റില്‍ സൈനയുടെ തേങ്ങലുകളായിരുന്നു.
.....ബാബൂ.....ന്റ കുട്ടീനെ നല്ലോണം നോക്കണം...ഓന് വേറാരൂല്ലട്ടോ.........
നീര്‍ച്ചാലുകരയിലെ പൊട്ടക്കിണറിന്നാഴത്തില്‍ പതിയുന്ന
കുപ്പിച്ചില്ലുകളുടെ നേര്‍ത്ത ശബ്ദം പോലെ...കാറ്റ് പിന്നെയും തേങ്ങി,.......
.........ബാബൂ.....ന്റ കുട്ടീനെ നല്ലോണം നോക്കണം...ഓന് വേറാരൂല്ലട്ടോ.........
 ഓപ്പറേഷന്‍ ടേബിളില്‍ ചലനമറ്റ് കിടന്ന സൈനക്ക് ഓര്‍മ്മകള്‍ മാത്രം ചലിച്ചുകൊണ്ടിരുന്നു..
 ആകാശത്തു നിന്ന് ബാബു മേഘക്കീറുകള്‍ക്കിടിലൂടെ തന്റെയടുത്തേക്ക് വരുന്നത് സൈന കണ്ടു
അരികിലിരുന്ന ബാബുവിന്റെ വിരലുകളില്‍ പിടിച്ച് സൈന വീണ്ടും തേങ്ങി.........ബാബൂ.....ന്റ കുട്ടീനെ.................

    ഡോക്ടറുടെ ഓര്‍മ്മകളിലേക്ക് നീര്‍ച്ചാലുകരയുടെ സ്മരണകള്‍ പെയ്തിറങ്ങി.
നെല്‍വയലുകളാല്‍ ചുറ്റപ്പട്ട തുരുത്തായിരുന്നു നീര്‍ച്ചാലകര.
അവിടെ കൃഷിത്തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന മാപ്പിളമാരും
ചെറുമക്കളും താമസിച്ചു. തന്റവീടും മമ്മദ് ഹാജിയുടെ വീടുമൊഴികെ
ബാക്കിയുള്ളവയെല്ലാം ഓല മേഞ്ഞ കുടിലുകളായിരുന്നു.
ഉഷ്ണകാലത്ത്, തന്റെ പത്താംതരം വര്‍ഷാവസാന പരീക്ഷക്കുള്ള ഒഴിവുകാലം.
നീര്‍ച്ചാലുകരയിലെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമടക്കം
പുഴക്കുമക്കരെയുള്ള കോവിലകത്തറവാട്ടുകാരുടെ വിശാലമായ പറമ്പുകളലേക്ക്
 പനയോലക്കായ് പുറപ്പെട്ടു.
പനയോലത്തണ്ട് ചതച്ച് കയറുണ്ടാക്കി, തരം തിരിച്ചു കെട്ടുകളാക്കി.
കുടിലുകള്‍ക്ക് മുമ്പില്‍ ചുമടിറക്കി, പനയോലക്കെട്ടുകളില്‍ തന്ന ക്ഷീണമകറ്റാനിരിക്കും.
കുട്ടികള്‍ക്ക് ഉത്സവമാണ്.
' പുരകെട്ട് കല്യാണത്തിന്'  വലിയ ചെമ്പില്‍ വെള്ളം നിറച്ച്
ഉരലില്‍ കുത്തിയെടുത്ത അവിലും ശര്‍ക്കരയും ചുവന്നുളളി അരിഞ്ഞതും
ചെമ്പില്‍ നിക്ഷേപിക്കും, ചെമ്പില്‍ വീര്‍ത്തുവരുന്ന അവില്‍ വെള്ളം കുടിച്ച്
ദാഹവും വിഷപ്പുംതീര്‍ക്കും.
        
 ഒരു കുടില്‍ കെട്ടിയാല്‍ അടുത്തത് ...ഓല ചുമക്കാനും 
കഴുക്കോലിന് മുളയും കമുകും ചീന്താനും നീര്‍ച്ചാലുകാര്‍ പരസ്പരം സഹായിച്ചു.
 കൂലിക്കാരില്ലാതെ!.

പനയോലയുടെ മണം...അതിന്റെ കുളിര്‍മ്മയില്‍ കിടന്ന് ഉറങ്ങിപ്പോയി..
സൈന ചെവിയില്‍ തൂവല്‍ കൊണ്ടിളക്കി ഉണര്‍ത്തി.
' കെടന്നൊറ്ങ്ങാതെ ....ഓലെട്ക്കാന്‍ വാ.......' സൈന കൈവലിച്ചു പറഞ്ഞു.

  സൈനയുടെ വീടിന്റ കഴുക്കോലിലിരുന്ന് കീരന്‍കുട്ടി ഓല മേഞ്ഞുകൊണ്ടിരുന്നു.
പനയോല ചുരുട്ടി മുകളിലേക്ക് കൊടുക്കുന്ന സൈനയുടെ തട്ടത്തിലേക്ക്
കീരന്‍കുട്ടിയുടെ കറുത്ത ശരീരത്തില്‍ നിന്ന് വിയര്‍പ്പ് തുള്ളികള്‍
ഉറ്റ് വീണുകൊണ്ടിരുന്നു.

          സൈനയുടെ ഒറ്റ മുറിയുള്ള വീടിനകം അന്നാദ്യമായ് കാണുകയായിരുന്നു. കത്തുന്ന സൂര്യ കിരണങ്ങള്‍ കഴുക്കോലുകള്‍ക്കിടയിലൂടെ സൈനയുടെ ദേഹത്ത് പതിച്ചുകൊണ്ടിരുന്നു.
കറുത്ത നിറമായിരുന്നിട്ടും സൈനയുടെ ശരീര ഭംഗി നീര്‍ച്ചാലുകരയിലെ മറ്റാര്‍ക്കുമില്ലായിരുന്നു.
നീര്‍ച്ചാലുകരയിലെ ചെറുപ്പക്കാര്‍ സൈനയേ പേടിച്ചിരുന്നത് .....പറയുന്ന കമന്‍റുകള്‍ക്ക്  വീട്ടുകാരെ ചേര്‍ത്തള്ള മറുപടി ഭയന്നായിരുന്നു.
         
 കീരന്‍കുട്ടി അവസാനത്തെ പനയോലകൊണ്ട്  മുറിയിലെ വെളിച്ചത്തെ മറച്ചു, കീരന്‍കുട്ടിയേയും!
 അപ്പോഴാണ് സൈന കൂവിയത്!!
കയ്യിലെ ഉണങ്ങിയ ഓലക്കെട്ടെറിഞ്ഞ് കുതറുകയും ചാടുകയും  ചെയ്തു!.
"ന്‍റെ കുപ്പായത്തില് കൂറ കേറീ...." എന്നലറിക്കൊണ്ടവള്‍ ..എന്നെ കൈകള്‍ കൊണ്ട് ചുറ്റി
വരിഞ്ഞു മറുക്കി. സൈനയുടെ ചുരുണ്ട് നീണ്ട തലമുടിക്കപ്പോള്‍ വാസനത്തൈലത്തിന്‍റ
മണമുണ്ടായിരുന്നു.

     എന്‍റ ചേച്ചിയേക്കാള്‍ പ്രായമുണ്ടായിരുന്നു സൈനക്ക്. പിന്നീട് കാണുമ്പോഴൊക്കെ തട്ടം മാറത്തേക്ക് വലിച്ചിട്ട് തലതാഴ്ത്തി നടന്നു.

            പത്താംതരം പരീക്ഷക്ക് ശേഷം ഉപരിപഠനത്തിനായി പട്ടണത്തിലേക്ക് പോന്നു.
പഠനവും താമസവും ഇവിടെയായി. പിന്നയും വേനലുകളും നീര്‍ച്ചാലുകരയിലെ
"പുരകെട്ട് കല്യാണങ്ങളും" നടന്നു. ഒരു വെക്കേഷന്‍ കാലത്ത് നീര്‍ച്ചാലുകരയിലെ അടക്കപൊളിക്കുന്ന പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു
" മദ്റസിലെ മുയ്ല്യാര് ചെലവിന് ചെന്നപ്പം കേറിപ്പടിച്ചുന്നും പറഞ്ഞ് മുയ്ല്യാരെ ചുല് കൊണ്ടാട്ടിയ ഇവക്കെങ്ങനെ ചെറമന്‍ ബാബുരാമനെ പറ്റ്യേ..?  ആവതുള്ള എത്ര ചെക്കമ്മാര്ണ്ട് വേറേ...."

ബാബുരാമന്‍ ക്ഷയരോഗിയെപ്പോലെ ശുഷ്കിച്ച് മെലിഞ്ഞുണങ്ങിയവനാണ്.
പ്രത്യകിച്ച് ജോലിയൊന്നുമില്ല, അവന്‍റെ ശരീരം കണ്ടാല്‍ത്തന്നെ ആരുമവനെ ജോലിക്ക് ക്ഷണിക്കാറുമുണ്ടായിരുന്നില്ല.എന്നിട്ടും സൈനയുടെ വയറ്റിലെ കുഞ്ഞിന്‍റ അച്ചനാവാന്‍ അവന്
കഴിഞ്ഞത് നീര്‍ച്ചാലുകരക്കാര്‍ക്ക് തെല്ലല്ല അമ്പരപ്പുണ്ടാക്കിയത്!!

ബാബുരാമനെ പുതുപ്പൊന്നാനിയില്‍ കൊണ്ട്പോയി മാപ്ലയാക്കി, പേര് ഫിറോസ്ബാബുവാക്കി  സൈനയെ നിക്കാഹ് കഴിപ്പിച്ചു നാട്ടു കാരണവന്‍മാര്‍!. അതിന് അവന്‍റ വീട്ടുകാരും സഹകരിച്ചു.അങ്ങനെ സൈനക്ക് അവളുടെ പകുതി വയസ്സുള്ള ബാബു പുതിയാപ്ളയായി.
 
 ബാബു ദീന്‍ പഠിക്കുകയും പള്ളിയില്‍ ബാങ്ക് വിളിക്കുകയും സൈന കറന്നെടുത്ത പശുവിന്‍ പാല്‍ കടയില്‍ കൊടുക്കുന്ന പണികളും ചെയ്തുപോന്നു!

സൈനക്ക് പേറ്റുനോവ് വന്നതിന്‍റ പിറ്റേന്ന് പനിച്ചു വിറച്ചു കിടന്നിരുന്ന ബാബു, തനിക്കുണ്ടായ
കുഞ്ഞിനെ കാണാതെ, സൈനയോടോ നീര്‍ച്ചാലുകാരോടോ പറയാതെ മരണത്തിലേക്ക് യാത്രയായി............
 
 അതോടെ സൈനക്ക് കൂട്ടായി എന്നും കണ്ണീര്.....

അഞ്ച് വര്‍ഷങ്ങള്‍ക്ക്  ശേഷം പിന്നീട് സൈനയേ കാണുന്നത് ,  ഹോസ്പിറ്റലിലെ ഓപ്പറേഷന്‍
ടേബിളില്‍ .............
സൈനയുടെ അടിവയറ്റിലെ വലിയ മുഴകള്‍ കീറിയെടുക്കുന്ന, പ്രതീക്ഷകളില്ലാതിരുന്നിട്ടും അവസാന ശ്രമത്തിന്‍റ വേഗങ്ങളിലും താന്‍ പഠിച്ച ശാസ്ത്രത്തിന്‍റ പരിമിതികള്‍ക്കപ്പുറത്തുമുള്ള ശകതികളുടെ മുമ്പില്‍ ഡോക്ടറുടെ മനസ്സ് നമിച്ചുകൊണ്ടിരുന്നു.

".....ബാബൂ.....ന്റ കുട്ടീനെ നല്ലോണം നോക്കണം...ഓന് വേറാരൂല്ലട്ടോ........"
സൈനയുടെ ചുണ്ടുകളനങ്ങുന്നത് കാത്ത് വെറുതെ പ്രതീക്ഷിച്ച്........