Saturday, November 6, 2010

നിലാവുപോലെ ചിരിതൂകുന്ന ആൺകുട്ടി

    ചെറിയ അങ്ങാടി വളർന്ന് ഒരു നഗരത്തിന്റെ പരിവേഷമണിഞ്ഞത്‌ അൽഭുതത്തോടെ നോക്കി നിന്ന ബഷീറിന്റെ ചുമലിൽ തോണ്ടി കുഞ്ഞാക്ക താഴേക്ക്‌ മാത്രം നോക്കി മുന്നോട്ട്‌ നടന്നുകൊണ്ടിരുന്നു.
         തന്റെ അങ്ങാടി വളരുകയോ തളരുകയോ? കുഞ്ഞച്ചൻ ചേട്ടൻ പൂസായി തന്റെ ഭാര്യയെ പ്രിയതമേ...എന്ന്‌ നീട്ടിവിളിച്ച്‌ വഴക്കിട്ടും കെട്ടിപ്പിടിച്ചും നടന്ന കവല! നാൽക്കവലയിൽ അരികിലേ മീൻ കൊട്ടയിൽ പമ്മിനടക്കുന്ന കാക്കകളെ ഒച്ചയിട്ട്‌ ഓടിക്കുകയും പൂച്ചകൾക്ക്‌ മടിയിൽ വച്ച്‌ മീൻ കൊടുക്കുകയും ചെയ്തിരുന്ന മമ്മുക്കയുടെ അങ്ങാടി! കുടവയറുകൾ കുലുക്കി നഗ്നമായമാറത്ത്‌ നീളമുള്ള തോർത്തും കഴുത്തിൽ കുരിശുള്ള സ്വർണ്ണ ചങ്ങലയും വയറിലേക്ക്‌ മടക്കി ക്കുത്തിയ മുണ്ടും വായ്‌ നിറയേ മുറുക്കും ചവച്ച്‌, തൊമ്മൻ മാപ്ലയും,വറീതും,ഔസേപ്പുചേട്ടനും ദൂരെ പുഴക്കക്കരെ "നാടൻ" മോന്താൻ വൈകുന്നേരങ്ങളിൽ സ്ഥിരമായി നടക്കുന്ന റോഡിൽ ഇപ്പോൾ അപരിചിതരും ബംഗാളികളും ഹിന്ദി സംസാരിക്കുന്നവരും, വിദേശനിർമ്മിത കാറുകളും ബൈക്കുകളും! ആളുകൾ കൂട്ടങ്ങളായി പെരുകി. നട്ടുച്ചയിലും വിദേശമദ്യഷോപ്പിലെ ക്യൂവിന്റെ നീളം കുറഞ്ഞില്ല. നാട്ടിൽ വന്നിട്ട്‌ കുറേ നാളായെങ്കിലും മാറ്റങ്ങളുടെ നേർക്കാഴ്ചകളെ ഉൾക്കൊള്ളാനാകാതെ ബഷീർ കുഞ്ഞാക്കയെ അനുഗമിച്ചു.

   കുഞ്ഞാക്ക നീളമുള്ള കഴുത്ത്‌ ഒരിക്കലും ഉയർത്താതെ മുന്നേ നടന്നു കൊണ്ടിരുന്നു .കുഞ്ഞാക്ക ബഷീറിന്റെ ബാല്യകാലം മുതലുള്ള മിത്രമാണ്‌. പ്രായം അവർക്ക്‌ ഒരുപോലെ. പേര്‌ അഷ്‌റഫ്‌. എന്തുകൊണ്ടോ അവനെ ആളുകൾ കുഞ്ഞാക്ക എന്നു വിളിച്ചു പോന്നു.
       പഴക്കം ചെന്ന ഓടുമേഞ്ഞ മൂന്നുനില കെട്ടിടത്തിലെ പവിലന്റെ ചായം പുരണ്ട, മണ്ണെണ്ണയുടെയും ഡിസ്റ്റമ്പറിന്റെയും മണമുള്ള സ്ഥിരം ലക്ഷ്യത്തിലേക്കവർ ഗോവണി കയറുമ്പോൾ പൊടുന്നനേ മഴ! അതുവരെ കത്തി നിന്ന പകലിനു ദാഹം തീർക്കാൻ നിൽക്കാതെ മഴ വന്നതുപോലെ തിരിച്ചു പോയി.

    പവിലന്റെ ബോർഡെഴുതുന്ന റൂമിനുമുൻപിലേ വരാന്തയിൽ ബഞ്ചിൽ ഇരിക്കുമ്പോൾ ഓടിൻപുറത്ത്‌ വീണ മഴത്തുള്ളികൾ കാഴ്ചക്കിടനൽകാതെ ഓടിനുള്ളിലേക്ക്‌ ഊളിയിട്ടു!.പുറത്ത്‌ പകൽ വീണ്ടും എരിഞ്ഞു കൊണ്ടിരുന്നു. ദാഹവും വിശപ്പും അതിന്റെ ഉച്ചസ്ഥായിയിലേക്ക്‌ വളരുന്നത്‌ അവർ അറിഞ്ഞുതുടങ്ങിയിരുന്നു.

    സംസാരിക്കൻ ഒരുപാട്‌ വിഷയങ്ങളുണ്ടായിരുന്നിട്ടുകൂടി മൗനം അവർക്കിടയിൽ വാചാലമാകുന്നത്‌, യാദൃഛികമല്ലെന്നത്‌ ഇരുവരും അറിയുന്നുണ്ടായിരുന്നു.. ആത്മ സുഹൃത്തിന്റെ വരവ്‌ കാത്തിരിക്കുകയായയിരുന്നു അവർ രണ്ടാളും.

കാത്തിരിക്കുന്ന പഴയകൂട്ടുകാരനും അവർക്കുമിടയിൽ വർഷങ്ങളുടെ വിടവുകൾ ഒരുപാട്‌ അകൽച്ചകൾ ഉണ്ടാക്കിയിട്ടില്ല്ലെന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിക്കുകയായിരുന്നിരിക്കാം അവർക്കിടയിലേ മൗനം!. ആ മൗനത്തിനും ആയിരം നാവുകളുണ്ടായിരുന്നു. ബഷീർ ആലോചിച്ചു.

കുഞ്ഞാക്ക ഒരു സിഗരെറ്റെടുത്ത്‌ പുകച്ചു തുടങ്ങി.

       പണ്ട്‌ ഇവിടെയിരുന്ന് രാവേറേയായാലും പറഞ്ഞാൽ തീരാത്ത വിഷയങ്ങൾ. എഴുത്തുകാരും സാഹിത്യവും ചർച്ചകളിൽ മുന്നിൽ നിന്നിരുന്ന, ആ സ്മൃതി പോലും മധുരതരമായ തീക്ഷ്ണമായ യൗവനകാലം.ഇടക്ക്‌ ചിലർ സ്വയം കഥാപാത്രങ്ങളായി.ചിലപ്പോൾ ചിലർ കരഞ്ഞു. പങ്കജ്‌ മല്ലിക്കും, തലത്തും, മുഹമ്മദ്‌ റാഫിയും, യേശുദാസും പാടുന്ന പാട്ടുകളിൽ സ്വയം മറന്നു.പവിലന്റെ ഓടക്കുഴൽ കൂടിയാകുമ്പോൾ രാത്രികൾക്ക്‌ കൊഴുപ്പുകൂടി.അന്നൊക്കെ പക്വതയാർന്ന ദീർഘവീക്ഷണമുള്ള കാഴചപ്പടുകളിലേക്ക്‌ അവരെ ആനയിച്ചു മുൻപിൽ നടന്നത്‌, ഇപ്പോൾ അവർ കാത്തിരിക്കുന്ന ജോൺ ഫ്രാൻസീസായിരുന്നു.

"നിങ്ങൾ വികാരങ്ങളിൽ വിശ്വസിക്കുന്നു.ഞാൻ വിചാരങ്ങളിലും"

ജോൺഫ്രാൻസിസ്‌ ഇടയ്ക്ക്‌ അവരോട്‌ പറയുമായിരുന്നു.

   സുഹൃത്തുക്കൾക്കിടയിൽ വാക്ചാതുര്യവും സാമർത്ഥ്യവും വിവേചനബുദ്ധിയും കൃത്യനിഷ്ഠയും കൊണ്ട്‌ ജോൺഫ്രാൻസിസ്‌ വേറിട്ടുതന്നെ നിന്നു. മരുഭൂപ്രവാസത്തിന്റെ പരുക്കൻ തലങ്ങൾ കേട്ടും വായിച്ചും അറിഞ്ഞിരുന്നത്‌ കൊണ്ടു തന്നെ ഒരിക്കലും അവർ ഗൾഫ്‌ മോഹിച്ചിരുന്നില്ല. രാവുകളിലെ സാഹിത്യ ചർച്ചകൾ അന്നത്തിനു വക നൽകുന്നില്ലെന്ന തിരിച്ചറിവ്‌ പക്ഷെ, വാൽനക്ഷത്രത്തെ നോക്കി പുൽ മൈതാനിയിൽ മലർന്നു കിടന്ന ഒരു രാത്രി വെളിപാടുപോലെ ഗൾഫിൽ പോകാനുള്ള ഒരുക്കത്തിനു വഴി നൽകി.

   ഭായി മാരുടെ നാലു മാസത്തെ പീഠനങ്ങൽക്കൊടുവിൽ ബോംബെ നഗരത്തിൽ നിന്ന് സൗദിയിലേക്ക്‌ ബഷീർ വിമാനം കയറി.ജോൺ ഫ്രാൻസിസ്‌ ദുബായിലേക്കും. ഒരു ശരാശരി ഗൾഫുകാരന്റെ പരിമിതികളിൽ ഒതുങ്ങിയ ബഷീറിന്റെ പ്രവാസം വർഷങ്ങൾ കവർന്നതല്ലാതെ ഒന്നും ബാക്കി വച്ചില്ല!. ആദ്യമൊക്കെ നീണ്ട കത്തുകൾ അവരുടെ സൗഹൃദങ്ങളെ ഊട്ടിയുറപ്പിച്ചു. കത്തുകൾ ഫോണിലേക്ക്‌ വഴിമാറിയതോടെ സമയക്കുറവിന്റെ തിരക്കിലേക്കു് ജോൺഫ്രാൻസിസ്‌ മാറിക്കൊണ്ടിരുന്നു. ജോൺഫ്രാൻസിസ്ന്റെ വാക്കുകൾ പോലെത്തന്നെ അവൻ " വിചാരങ്ങളിൽ വിശ്വസിച്ചിരുന്നു". അവന്റെ ശ്രമം കൊണ്ട്‌ തന്നെ വലിയ ബിസ്സ്നസ്സുകാരനായവൻ മാറി. തലചായ്ക്കാൻ സ്വന്തമായി ഒരിടം കിട്ടിയപ്പോൾ.ഇനി മരുഭൂമിയിലേക്കില്ലെന്നുറപ്പിച്ച്‌ ഇപ്പോൾ ബഷീർ നാട്ടിൽ വന്നിട്ട്‌ ആറുമാസം. കീശ കാലിയായിത്തുടങ്ങിയതോടെ മറ്റൊരു വിസക്കായുള്ള ശരാശരിക്കരന്റെ ക്ലൈമാക്സിലും!.വികാരങ്ങളിൽ വിശ്വസിക്കുന്നവന്റെ ഗതികേട്!
" അവനെന്താ വൈകുന്നത്‌"
സിഗരറ്റ്‌ കെടുത്തിക്കൊണ്ട്‌ കുഞ്ഞാക്ക.

    തോളിൽ തളർന്നുറങ്ങുന്ന മകനെയും കൊണ്ട്‌ ഡോക്ടറുടെ വീട്ടുമുറ്റത്തെ നീണ്ട ക്യുവിൽ നിൽക്കുന്ന ഭാര്യയെക്കുറിച്ചുള്ള ചിന്ത, കാത്തിരിപ്പിന്റെ നീളത്തിനനുസരിച്ച്‌ അസ്വസ്ഥതയായിപ്പെരുകി കുഞ്ഞാക്കക്ക്‌.

   മഴയത്ത്‌ ഇനിയും ചോരുന്ന മേൽക്കൂര പൊളിചുമാറ്റാൻ, ദൈവത്തിലുറച്ച്‌ വിശ്വസിച്ച്‌ ധനം ദൈവത്തിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുന്ന കുറെ മനുഷ്യസ്നേഹികളുടെ കാരുണ്യത്തിന്റെ ശേഷിപ്പുകളിൽ തന്റെ ഊഴം കാത്ത്‌ മഹല്ല് മൗലവിയുടെ വാതിൽക്കൽ കാത്തിരിക്കുന്ന സ്വന്തം സഹോദരിയുടെ ഇന്നു രാവിലെ കണ്ട മുഖം - തനിക്ക്‌ ഫ്രീയായിക്കിട്ടിയ ലേബലായ "ഗൾഫുകാരനെ" കാറിത്തുപ്പുന്നതായി വീണ്ടും അനുഭവപ്പെടുന്നതിൽ നിന്നൊരു രക്ഷക്കായി ചിന്തയെ ഒരു സിഗരറ്റിലേക്ക്‌ പറിച്ചു നടാൻ വിഫല ശ്രമം നടത്തി ബഷീർ. ചിന്തകൾ തന്റെ ശരീരഭാരം ഇല്ലാതാക്കി ഈ പുകച്ചുരുളുകൾ പോലെ വായുവിൽ ലയിച്ചില്ലാതാവുന്നതായി അയാൾക്കു തോന്നി. കുഞ്ഞാക്കയിൽനിന്ന് എന്തെങ്കിലും ഒരുവാക്ക്‌ കേൾക്കാൻ ബഷീർ ആഗ്രഹിച്ച ആ സമയത്ത്‌ കാഴ്ചയെ ഗോവണിപ്പടിയിലേക്കാനയിച്ചു കുഞ്ഞാക്ക.

     പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടി! ചിരിയും നാണവും അവനെ കൂടുതൽ ഓമനത്തമുള്ളതാക്കി. വരച്ചുവച്ച ചിത്രങ്ങളെ നോക്കുകയാണ്‌ അവൻ. ഇടയ്ക്ക്‌ അവരെ നോക്കി ചിരിച്ചു. ജനലിഴകളിൽ പിടിച്ചവൻ അകത്തെ കാഴ്ചകളിൽ മുഴുകി.

"മോന്റെ പേരെന്താ?"
"ലിജോ"




"എവിടയാ വീട്‌"
"മലേലാ.
ആശ്ചര്യത്തോടെ കുഞ്ഞാക്ക ബഷീറിനെ നോക്കി.

"എങ്ങിനെ ഇവിടെ എത്തി?"

"....ഞാൻ ചിത്രങ്ങൾ കണ്ടപ്പോ കെറീതാ..."

അവന്റെ നാണം പിന്നെയും. വിരൽ കടിച്ച്‌ തല ഒരു സൈഡിലേക്ക്‌ ചരിച്ച്‌.....

അവനെ കണ്ടതോടെ,ആ നിഷ്കളങ്കതക്ക്‌ മുൻപിൽ എല്ലാം മറന്ന മട്ടായി!.
"മലേന്ന് മോനിവിടെങ്ങനെ എത്തി" കുഞ്ഞാക്ക അരാഞ്ഞു.

"അമ്മ ആസ്പത്രീൽണ്ട്‌ അവ്ടുന്നാ ഞാൻ വരണെ. അമ്മ നാലു ദിവസായി വന്നിട്ട്‌..ഞാനും അമ്മേടൊപ്പം വന്നതാ"

കുറചുകൂടി പരിചയത്തിലായതോടെ അകത്തേക്ക്‌ തലയിട്ട്‌
 "ഞാൻ കേറി നോക്കട്ട?"

അവൻ ഓരോന്ന് ചോദിച്ചു കൊണ്ട്‌ ചിത്രങ്ങളും മറ്റും നോക്കി നിന്നു.
"മോൻ ചോറുണ്ടോ?"

"അമ്മയ്ക്ക്‌ കിട്ടിയില്ല അതോണ്ട്‌ ഞാനും ഉണ്ടില്ല"
ഏതോ ശ്രദ്ധയിൽ ലയിച്ച്‌ തിരിഞ്ഞു നോക്കാതെയുള്ള മറുപടി കുഞ്ഞാക്കയേയും ബഷീറിനേയും അമ്പരപ്പിച്ചു!.

അവനപ്പോൾ വിശപ്പല്ലായിരുന്നു മുഖ്യം.തിരച്ചിൽ നിർത്തി പുറത്തുവന്നത്‌ ഒരുചിത്രം ചോദിച്ചായിരുന്നു.

അമ്മക്കെന്താ അസുഖം?
"പനിയും ചർദ്ദീം ഒക്കെണ്ടാർന്നു. ഇന്ന് പോകാംന്ന് പറഞ്ഞു.

എന്നാ അമ്മേം കൂട്ടി മോന്‌ പോയിക്കൂടെ?

"അതിന്‌ ആസ്പത്രീ കൊടുക്കാൻ പൈസ തെകയാഞ്ഞിട്ടാ.."

      കുഞ്ഞാക്കയുടെ കണ്ണുകൾ ബഷീറിന്റെ കണ്ണിൽ ഉടക്കി. കീശയിലെ പത്ത്‌ രൂപ അയാളുടെ നേരെനീട്ടി ഉള്ളതെടുക്കാൻ കുഞ്ഞാക്ക ആംഗ്യം കാട്ടി. കീശയുടെ ആഴങ്ങളിൽ പരതിയ വിരലുകളിൽ തടഞ്ഞ ചെറിയനോട്ടുകൾ ബഷീർ കയ്യിലെടുത്തു! മോനും അമ്മക്കും ചോറിനുള്ളപൈസയായി. അവനേകൂട്ടി തഴേക്കിറങ്ങി.

"ഉം..ഉം...നടക്കട്ടെ"

    തയ്യൽക്കാരൻ സുലൈമാൻ തന്റെ ഏറാന്മൂളികൾക്കൊപ്പമിരുന്നു് വിളിച്ചുപറഞ്ഞു.അയാളുടെ ഉഴിഞ്ഞുള്ള നോട്ടത്തിന്റെ അർത്ഥം വകവെക്കാതെ അവർ നടന്നത്‌ സുഹൃത്തായ ശ്രീധരന്റെ സൈക്കിൾഷോപ്പിലേക്ക്‌.

   ശ്രീധരൻ നോട്ടുകൾ ലിജോ യുടെ പോക്കറ്റിലിട്ടു. ലിജോ ആശുപത്രിയിലേക്ക്‌ നടന്നു. ശ്രീധരന്റെ കടയിലിരിക്കും മുൻപ്‌ ദാഹവും വിശപ്പും ഓരോഗ്ലാസ്സ്‌ മോരിൻ വെള്ളത്തിലൊതുക്കി.ലിജോയുടെ കാര്യം പറഞ്ഞിരിക്കുമ്പോൾ ജോൺഫ്രാൻസിസിന്റെ ഫോൺ!.

   പുതിയ വെളുത്ത കാർ ശ്രീധരന്റെ കടക്ക്‌ മുന്നിൽ നിർത്തി.തടിച്ച്‌ കഷണ്ടിയുള്ള വയറുചാടിയ ആൾ കാറിൽ നിന്നിറങ്ങി.മുഖത്തെ ഗ്ലാസ്സ്‌ മാറ്റിയപ്പോഴും ആളെ മനസ്സിലാക്കാൻ സമയമെടുത്തു.ജോൺ ഫ്രാൻസിസ്‌! തലയിൽ മുടി പകുതിയായെങ്കിലും നര വന്നിട്ടില്ല. ഹാഫ്‌ കൈ ഷർട്ട്‌ വലിയ വയറിലേക്ക്‌ ഇൻ ചെയ്തിരിക്കുന്നു.വിലകൂടിയ ഷൂ, ബെൽറ്റിൽ മൊബെയിൽ ഫോണിന്റെ കെയ്സ്‌!!

പണ്ടത്തെ ജോൺ ഫ്രാൻസിസിന്റെ രൂപം ഇതാ തന്റെ മനസ്സിൽ മരിച്ചു വീഴുന്നു!
മുണ്ടും വൃത്തിയായി മടക്കിയ ഫുൾകൈ ഷർട്ടും കാലിലെ തോൽചെരുപ്പും........ബഷീറിനു വിശ്വസിക്കാനായില്ല

"നീയെന്താ കൃഷ്ണനെ കാണാൻ പോയ കുചേലനെപ്പോലെ നിൽക്കുന്നേ?"
ശബ്ദത്തിനു മാറ്റം വന്നിട്ടില്ല!. ആ ചിരിക്കും.

  മറുപടി ഒന്നും പറയാനകാതെ പഴയകാലത്തിന്റെ നിറഞ്ഞുതുളുമ്പുന്ന ഓർമ്മകളിൽ സ്വയം നഷ്ടപ്പട്ടു ബഷീർ. കുറച്ച്‌ കുശലാന്വേഷണങ്ങൾക്കൊടുവിൽ കാറിനടുത്തേക്ക്‌ തിരിച്ചു നടന്നു. കാറിന്റെ കറുത്ത ഗ്ലാസ്സുകൾ താഴ്ത്തിയപ്പോഴാണ്‌ അവന്റെ കുടുംബവും ഉണ്ടെന്നറിഞ്ഞത്‌.
  
    അവന്റെ ഭാര്യ തന്റെ നീളൻ മുടി വെട്ടി തോളിൽ ഒതുക്കി നിർത്തിയിരിക്കുന്നു. അവൾ ചുണ്ടിൽ തേച്ച ചായം മായുമോ എന്നു ഭയന്നാവും "സുഖമല്ലേ" എന്ന വാക്കിൽ ഉപചാരം തീർത്തു. "മലയാലം പരയുന്ന" കുട്ടികളോട്‌ ബഷീറിനു ഒന്നും പറയാനില്ലായിരുന്നു. എ. സി ഓഫാക്കിയിരുന്ന കാറിലവർ അസഹിഷ്ണുതയോടെയിരുന്നു. നേരമില്ലായ്മ ജോൺഫ്രാൻസിസ്‌ സ്വന്തമാക്കിയതുപോലെ പള്ളിയിലേക്കെന്ന് പറഞ്ഞു യാത്ര പറഞ്ഞു.

    പന്ത്രണ്ട്‌ വർഷം മുൻപുള്ള കമ്മ്യൂണിസ്റ്റ്കാരനായ,പള്ളിക്കാരെ വിമർശിച്ചിരുന്ന,ഇങ്ക്ലീഷ്‌ സ്കൂളുകളെ എതിർത്ത്‌ തന്റെ മക്കളെ അവിടെ പഠിപ്പിക്കില്ലെന്ന് വാശിപിടിച്ചിരുന്ന, മലയാള ഭാഷാസ്നേഹിയായ ജോണിന്റെ, മനസ്സിൽ മരിച്ച ജഢത്തെ അയാൾ അവിടെത്തന്നെ കുഴിച്ചുമൂടി. ദീർഘകാലത്തെ ഇടവേളകൾ പരസ്പരം കാണാൻ വൈകിയിരുന്നിട്ടും ജോൺ ഫ്രാൻസിസിന്റെ മാറ്റങ്ങളുടെ അമ്പരപ്പ്‌  ഒരു ചർച്ചകൾക്കും ഇടയാകാതെ തങ്ങളിൽതന്നെ ഒടുങ്ങിയമരുന്നത്‌ ബഷീറും കുഞ്ഞാക്കയും അറിഞ്ഞു .

തിരക്കിനിടയിലും അവൻ വന്നു കണ്ടല്ലോ ..അവർ ആശ്വസിച്ചു.

   കുഞ്ഞാക്കക്ക്‌ ഡേക്ടറുടെ വീട്ടുമുറ്റത്തെ ക്യൂവിലുള്ള ഭാര്യയുടെ അടുത്ത്‌ പോകണം അവർ അങ്ങാടിയുടെ(അല്ല നഗരത്തിന്റെ)വലിയ രോഡിലൂടെ നടന്നു.ബഷീറിനു പോകെണ്ട വഴിയിലേക്ക്‌ തിരിയുന്നിടത്ത്‌ അവർ രണ്ടു വഴിക്ക്‌ പോകാനൊരുങ്ങുന്നേരം.

"ചേട്ടന്മാരേ...."

    ബസ്റ്റാന്റിലേക്കുള്ള വഴിയിൽ നിന്നും ലിജോ ഉറക്കെ വിളിച്ചു അവൻ ഓടിവരികയാണ്‌. "അമ്മേ...ഇതാ ചേട്ടന്മാരുവരുന്നൂ...ഈ ചേട്ടമ്മാരാ പൈസതന്നേ...."

     ഉറക്കെ അമ്മ കേൾക്കാൻ ഓടിവരുന്നതിനിടയിൽ വിളിച്ചു പറഞ്ഞു. അവൻ കിതച്ച്‌ മുൻപിലെത്തി ചിരിതൂകി നിന്നു.അവന്റെ പിറകിൽ ദൂരെയായി അമ്മ. സുന്ദരിയായ അ ആ സ്ത്രീ യുടെ കൂടെ ഒരു മദ്ധ്യവയസ്കനും!. അയാൾ അവരുടെ ഒരു കൈ തന്റെ കൈകളിൽ കോർത്ത്‌ നവവധൂവരന്മാരെപ്പോലെ എന്തോ പറഞ്ഞ്‌ ചിരിക്കുന്നു. ലിജോ പറഞ്ഞത്‌ അമ്മ കേട്ടില്ല.അമ്മയും കൂടെയുള്ളയാളും ചിരി നിർത്തനാവതെ ബസ്റ്റാന്റിലേക്ക്‌ നടക്കുകയാണ്‌.

"അച്ഛൻ വന്ന കാര്യം നീ എന്താ പറയാഞ്ഞെ...?"
കുഞ്ഞാക്ക ചോദിച്ചു.
"എനിക്കച്ഛനില്ല.. മരിച്ചുപോയി...അത്‌ അയലത്തെ...ചേട്ടനാ....."

ആ മറുപടിയിൽ കുറെ ചോദ്യങ്ങളവശേഷിപ്പിച്ച്‌, യാത്ര പറഞ്ഞവൻ പോയി

ലിജോയുടെ അമ്മ മാനസികരോഗിയണോ? കാഴ്ചയിൽ അങ്ങിനെ തോന്നുന്നില്ലല്ലോ.....അയാൾ ആരാണ്‌?.

  കൂർത്ത ചോദ്യങ്ങളുടെ മുനകളെ സുസ്മിതാർച്ചനകളാൽ മൂടി, കൈ വീശി അവനും കാഴ്ചകൾക്കപ്പുറത്തേക്ക്‌ ആൾകൂട്ടങ്ങളിലേക്ക്‌ മറഞ്ഞു.

    നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം കാത്തിരുന്ന് കണ്ട ജോൺഫ്രാൻസിസിന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങിയ രൂപത്തിനുപകരം, ഇന്ന് അൽപനേരം മാത്രം കണ്ട ലിജോ എന്ന കൊച്ചുകുട്ടി ബഷീറിന്റെ മനസ്സിൽ നിഷ്കളങ്കമായി പുഞ്ചിരിതൂകി. മായാതെ.

Saturday, October 2, 2010

ചില്ലുടഞ്ഞ ചിത്രവും കുറെ സ്വപ്നങ്ങളും.

      ഇന്നാണു ഒന്നു വിളിക്കാൻ സമയം ഒത്ത്‌ വന്നത്‌, പൂർവ്വവിദ്യാർത്ഥിയെപ്പറ്റി അഭിമാനത്തോടെ – ആശ്ചര്യത്തോടെ ആലോചിച്ചു നിൽക്കുന്ന ഹെഡ്മാസ്റ്ററെ ഓർക്കാൻ തുടങ്ങിയിട്ട്‌ നാളേറേയായി.


ഇപ്പോൾ ഹെഡ്മാസ്റ്റർ എന്നല്ല പ്രിൻസിപ്പാൾ എന്നാക്കിയത്രെ! രണ്ടാൾ! ഹൈസ്കൂളിനും പ്ലസ്റ്റുവിനും വേറേ വേറേ. പണ്ട്‌ കഷണ്ടിയും കണ്ണടയും ഉള്ള മാത്യു സറായിരുന്നങ്കിൽ ഇന്ന് ചേറുപ്പക്കാരായ ഹെഡ്ഡനും പ്രീപ്പനും ആയി.

ഇതിൽ ആരു ഫോണെടുത്തലും അവർ ആഹ്ലാദപുളകിതരാവുമെന്നതിൽ സംശയമില്ല

ഞാനും ഉന്മേഷവാനായി.

     അർദ്ധചതുരാകൃതിയിൽ മൂന്ന് നിലകളിലായി പ്രൗഢിയോടെ ഉയർന്ന് നിൽക്കുന്ന സ്കൂളിന്റെ മധ്യഭാഗത്ത്‌ മുകളിലായി, കൈ നീട്ടി എല്ലാവരെയും അനുഗ്രഹിച്ച്‌ യേശുദേവന്റെ കൂറ്റൻ പ്രതിമ.
ഇത്രയുംപഴമയും പ്രൗഢിയോടെയും നിലകൊള്ളുന്ന മറ്റൊന്ന് ഈ ജില്ലയിൽതത്തന്നെ വേറെയില്ലല്ലോ. വിശാലമായ മുറ്റത്ത്‌ വെള്ളയും നീലയും നിറങ്ങളിൽ വരിവരിയായി നിൽക്കുന്ന കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും.

        നാളെ അസംബ്ലിയിൽ അല്ലെങ്കിൽ, ഏതെങ്കിലും ക്ലാസ്സിലെ കുട്ടികളോട്‌ ഈ പൂർവ്വവിദ്യാർത്ഥിയുടെ പേരും പെരുമയും അഭിമാനത്തോടെ വിളിച്ചു പറയുകയും ,അതുപോലെ സ്വന്തം കഴിവുകളെ വികസിപ്പിച്ച്‌ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാകാൻ ഉപദേശിക്കുകയും ചെയ്യുന്ന ഹെഡ്മാസ്റ്ററുടെ ഉത്സാഹമാർന്ന വചനങ്ങൾ കുട്ടികളേക്കാൾ മുൻപേ എന്റെ കാതുകൾക്ക്‌ ഇമ്പമുള്ളതായിരുന്നല്ലോ. (ഇങ്ങനെ ഒരു നാൾ ഉണ്ടയേക്കുമെന്ന് എത്ര കാലമായി കരുതുന്നു!!)

ഫോണിൽ പറയേണ്ട കാര്യം ഞാൻ ഒന്നുകൂടി ഓർത്തു...

."ഞാൻ നാട്ടുകാരനായ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ... പേര്‌ ഹനീഫ. അങ്ങാടിക്കടുത്ത്‌ തന്നെ വീട്‌....ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്‌ , എണ്ണഛായത്തിൽ ഞാൻ തന്നെ വരച്ച നമ്മുടെ സ്കൂളിന്റെ സ്ഥാപകനായ ഫാദറിന്റെ ഫ്രെയിം ചെയ്ത ഛായാചിത്രം ഹെഡ്മാസ്റ്ററുടെ ഒഫീസിന്റെ ചുമരിൽ കഴിഞ്ഞ 24 വർഷത്തോളമായി തൂക്കിയിട്ടിരുന്നു. അപൂവ്വമായി നാട്ടിലെത്തുന്ന എനിക്ക്‌, ആ ചിത്രം അവിടെ കാണുമ്പോൾ , സന്തോഷവും ഗൃഹാതുരമായ ഓർമ്മകളും ഉണ്ടാവാറുണ്ട്‌. പക്ഷെ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ സ്കൂളിൽ വന്ന എനിക്കതവിടെ കാണാനായില്ല.. കേടുവന്ന് മാറ്റിയതാണെങ്കിൽ എന്റെ മകൻ സഹിൽ ഒൻപതു ഡി ക്ലാസ്സിൽ പഠിക്കുന്നുണ്ട്‌ അവൻ വശം അതു എന്റെ വീട്ടിൽ കൊടുത്തയക്കണം....."

ആശ്ചര്യത്തോടെ എന്നൊട്‌

 "നിങ്ങൾ എട്ടീ പഠിക്കുമ്പം വരച്ചതാന്നോ?.മകൻ ഇവിടെ പഠിക്കുന്നുണ്ടെന്നോ....?
എന്നെ പരിചയമില്ലത്ത സാർ പിന്നെ ചോദ്യങ്ങളും അഭിനന്ദനങ്ങളും.

പിന്നെ ഉറക്കെ.."സാറെ ..ഇത്‌ ഒൻപതു ഡി ക്ലാസ്സിൽ പഠിക്കുന്ന സഹലിന്റെ ഫാദറാ...ദുബായീന്ന വിളിക്കുന്നേ..നമ്മുടെ ഫാദറിന്റെ പടം വരച്ചത്‌ ഇങ്ങേരാ..""

     ഇനി സഹിലിനും സ്കൂളിൽ അഡ്രസ്സായി ! അവന്റെ പിതാവ്‌ എട്ടിൽ പഠിക്കുന്ന കാലത്ത്‌ വരച്ച ചിത്രം അവനും പെരുമ നൽകും.!! അവനെ അവർ ഗുണദോഷിക്കും....

"എന്നിട്ട്‌ നീ എന്താടാ ഇതുപൊലൊന്നും ഒണ്ടാക്കാത്തേ ?"

    ഞാനെപ്പോഴും പരാതിപ്പെടുന്ന കാര്യങ്ങൾ. എട്ടും പത്തും പ്ലസ്‌ ടു വും കഴിഞ്ഞവർ എംപീത്രീ യും തട്ടുപൊളിപ്പനും മൊബൈൽ ഫോണും മത്രമായി നടക്കുന്നു. വായനയില്ല കവിതയില്ല വരയേക്കാൾ നല്ലത്‌ അവർക്ക്‌ ക്രിക്കറ്റ്‌ മാത്രം!.

അധ്യാപകൻ തുടർന്നു....."അയ്യോ ! അതിവിടൊണ്ട്‌....ഇത്തിരി ചിതലുപിടിച്ചപ്പം മാറ്റിയെന്നേയുള്ളൂ. എന്നാ സഹിൽ വശം വീട്ടീ കൊടുത്തയച്ചേക്കാം.....നമുക്കതൊന്ന് പുതിയത്‌ വരക്കണം കെട്ടൊ?."



    പിറ്റേന്ന് ഭാഗികമായി ചിതൽ പിടിച്ച ചിത്രവുമായി ഓഫീസിൽ നിന്ന് സഹിൽ ക്ലാസ്സിലെത്തി, തനിക്ക്‌ വന്നുചേർന്ന ഒരു ഭാഗ്യാവസരമായി കുട്ടികൾക്ക്‌ നടുവിൽ അവൻ തല ഉയർത്തിയിരുന്നു. സഹിലിന്റെ ബാപ്പയെപ്പോലെ തങ്ങളുടെ അചഛ്നമ്മമാർ ആയില്ലല്ലോ എന്നവർ പരിഭവപ്പെടും! ചില്ലു വീണുടയുമെന്ന് പറഞ്ഞ്‌ ആർക്കും വിട്ടുകൊടുക്കാതെ മുറുകേപിടിച്ചിരുന്നു.

     സ്കൂളിന്റെ സുവനീർ പതിപ്പിൽ നിന്നാണു സ്കൂളിന്റെ സ്ഥാപകനായ അച്ചന്റെ ചിത്രം വരക്കാനായി എനിക്ക്‌ കിട്ടിയിരുന്നത്‌. എസ്റ്റേറ്റ്‌ തൊഴിലാളിയായ എന്റെ ബാപ്പക്ക്‌ അഴ്ചയിലൊരിക്കൽ കിട്ടുന്ന മുപ്പത്തേഴു രൂപയിൽനിന്ന് പന്ത്രണ്ട്‌ രൂപയുമായി കോഴിക്കോട്‌ പോയി വരക്കാനുള്ള കാൻവാസും കറുപ്പും വെളുപ്പും ഓയിൽ പെയിന്റും വാങ്ങി അതേ ബസ്സിൽ തന്നെ തിരിച്ചു പോന്നു!

നാട്ടിൽ നീന്ന് ടൗണിലേക്ക്‌ ഒറ്റക്കുള്ള ആദ്യ യാത്രയും അതു തന്നെ!!

രണ്ടുനാൾ ഉറങ്ങാതെയിരുന്ന് വരച്ചു. അതും റാന്തൽ വിളക്കിന്റെ വെളിച്ചത്തിലിരുന്ന്.....

     അടുത്ത ദിവസം മുഴുവൻ ഉണങ്ങാത്ത ചിത്രവുമായി സുലൈമാൻ കാക്കയുടെ ചില്ലുകടയിൽ ചെന്ന് ഫ്രെയിം ചെയ്യാൻ ഏൽപ്പിച്ചു. പല തവണ ചെന്നു കാത്തിരുന്നു. കിട്ടിയപ്പോൾ ബാപ്പ അടുത്താഴ്ച കാശുതരുമെന്നു പറ്റ്പറഞ്ഞു. ബാപ്പക്ക്‌ രണ്ടാഴ്ചയിലെ പലചരക്ക്‌ കടയിലേ പറ്റു ബുക്കിൽ വരവ്‌ പൂജ്യമായിക്കിടന്നു.

“ഉണ്ണീൻ കുട്ട്യേ,, ബെള്ള്യായ്ച്ച രണ്ടെണ്ണം കയ്ഞ്ഞ്ക്കണല്ലോ?...”.

 കറുത്തു തടിച്ച കണ്ണടക്കിടയിലൂടെ, തൂക്കിക്കെട്ടിവച്ച സാധനങ്ങൾ സഞ്ചിയിലേക്കിടുന്ന ബാപ്പയേ നോക്കി മമ്മദ്ക.. വിനീതനായി ബാപ്പ കാശുചിലവായ കര്യം പറഞ്ഞു,.

ഹും..മമ്മദ്ക എന്നെ തുറിച്ചു നോക്കി..

" ബരക്കണപണി കള്ളുട്യെമ്മാരതാ.. അതൊന്നും പട്ച്ചണ്ട!!"

     തിങ്കളാഴ്ച രാവിലെ നേരത്തെ ഉണർന്നു. ചിത്രത്തെയും അത്‌ എല്ലാവരും കാണുമ്പോൾ എനിക്ക്‌ ഉണ്ടാവുന്ന അനുഭൂതിയും മാത്രമായി ചിന്ത .മഴ എന്റെ പുസ്തകത്തെയും എന്നെയും മുഴുവനായി നനച്ചു. കടലാസ്‌ ചിത്രത്തിന്റെ ചില്ലിൽ നനഞ്ഞ്‌ ഒട്ടി നിന്നു. തണുപ്പ്‌ എന്റെ തടിച്ച ശരീരത്ത്‌ ഏശിയില്ല. വല്ലാത്തൊരുന്മാദത്തിൽ ഒന്നും ഞാനറിഞ്ഞില്ല. പുസ്തകക്കെട്ടും വലിയ ചിത്രവുമായി സ്കൂളിലേക്ക്‌ ഞാനോടിക്കൊണ്ടിരുന്നു.

ക്ലാസ്സ്‌ റൂമിലെ ആദ്യ കമന്റ്‌ തന്നെ

" ഇത്‌ ആരെക്കൊണ്ട്‌ വരപ്പിച്ചതാടാ.....? " ബെന്നി കെ. എം കളിയാക്കി.

സ്വന്തമായി ഒന്നിനും കഴിയാത്തവരുടെ അസ്ത്രം!! പിന്നെ ആരെയും കാണിക്കാനും തോന്നിയില്ല. ക്ലാസ്സിന്റെ ഒരു സൈഡിലേക്ക്‌ എടുത്തു വച്ചു. ചിത്രം ഓഫീസിൽ എത്തിക്കാനാണിനി പണി.അപകർഷതാബോധവും ഭയവും എന്നെ പിറകോട്ട്‌ വലിച്ചു. അവസാനം, കുട്ടികളെ വിവേചനത്തോടെ കാണാത്ത ജയിംസ്‌ സാറുടെ ഫിസിക്സ്‌ ക്ലാസ്സിനു ശേഷം സാറിനു പിറകെ ചിത്രവുമായി ചെന്നു കാണിച്ചു.അദ്ദേഹത്തിന്റെ പ്രോൽസാഹന വാക്കുകൾ വളരെ കുറഞ്ഞതായിരുന്നു.

"നന്നായിട്ടുണ്ട്‌ .. നീ വരച്ചതാണല്ലേ..?സ്കൂളീവെക്കാനാണോ? "

     അദ്ദേഹം അതെടുത്ത്‌ ഓഫീസിലേക്ക്‌ നടന്നു. അതോടേ ഹെഡ്‌ മാസ്റ്ററുടെ തലക്കുമുകളിൽ പിന്നിലെ ചുമരിലതു തൂങ്ങിക്കിടന്നു. ആരും ഒരിക്കലും അതിന്റെ ശിൽപിയെ അന്വേഷിച്ചില്ല. ആരും ഒരു പ്രോൽസാഹന വാക്കുകളും പറഞ്ഞില്ല. ബ്ലാക്കാന്റ്‌ വൈറ്റ്‌ പോര്ട്രെ യ്റ്റിനു താഴെയായി എന്റെ പേരു ശോണിമയണിഞ്ഞുനിന്നു.



      എട്ടും ഒൻപതും എസ്സ്‌.എസ്സ്‌.എൽ.സിയും കഴിഞ്ഞു. വർഷങ്ങൾ കൊഴിഞ്ഞു വീണു. എന്റെ മകളും അവിടെ പഠിച്ചു പുറത്തുറങ്ങി. ഇപ്പോൾ മകൻ ഒൻപതിൽ. ഇത്രയും കാലം അതവിടെ സ്ഥാനം തെറ്റാതെ നിന്നു. ഇടക്ക്‌ മക്കളുടെ ആവശ്യങ്ങൾക്ക്‌ സ്കൂളിലേക്ക്‌ ചെല്ലുമ്പോൾ ഞാൻ ആ ചിത്രം കാണും. കാണുമ്പോഴൊക്കെ മനസ്സിൽ മഴ പെയ്തു. ഞാൻ കോരിത്തരിച്ചു! എന്റെ സ്വകാര്യ നിർവൃതിയായി എന്നും കൊണ്ടുനടന്നു

************************************************************************************************************



ഫോൺ എടുത്ത്‌ സ്കൂളിന്റെ നമ്പരടിച്ചു. മറുപുറത്ത്‌ ഫോൺ എടുത്തത്‌ ആരാണെന്നും എന്തു പറയണമെന്ന് നേരത്തെ ഓർത്തുവച്ചതുമെല്ലാം മറന്നു.

""എന്റെ പേരു്........... ഞാനൊരു പൂർവ്വവിദ്യാർത്ഥിയായ നാട്ടുകാരനാണ്‌. ഞാൻ എട്ടിൽ പഠിക്കുന്ന കാലത്ത്‌ വരച്ച അച്ചന്റെ പോര്ട്രൈ റ്റ്‌ ഓഫീസിൽ വച്ചിരുന്നത്‌ കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടില്ല."

"ഓഹ്‌..അതാണോ? അതിച്ചിരി ചിതലുപിടിച്ചപ്പോ മാറ്റിയതാ..."

"അതവിടെ ഉണ്ടെങ്കിൽ ഒൻപത്‌ ഡി ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ സഹിൽ വശം എന്റെ വീട്ടിൽ കൊടുത്തു വിടണം.."

" അവടെങ്ങാനും കെടപ്പുണ്ടേൽ കൊടുത്തു വിടാം....." അലക്ഷ്യമായ മറുപടി പതിഞ്ഞു കേട്ടു.

ഇത്രയും നാൾ വിചാരിച്ച ഒരത്ഭുതങ്ങളും ഉണ്ടായില്ല! ചോദ്യങ്ങളും !!

പിറ്റേന്ന് സഹിലിനെ ഓഫീസിലേക്ക്‌ വിളിപ്പിച്ചു..അകത്തെ കോണിച്ചുവട്‌ കാണിച്ച്‌ പ്യൂൺ അവനോട്‌.

"നിന്റെ വാപ്പ വരച്ച ചിത്രം ദോ... ണ്ടവടെ കെടപ്പുണ്ടാവും എടുത്തോണ്ട്‌ പൊക്കോ"

    അവൻ കോണിച്ചുവടിലേക്ക്‌ നടന്നു. കെട്ടുകൾ പൊട്ടിയ പഴയ പുസ്തകക്കെട്ടുകളും കാലില്ലാത്ത ബഞ്ചുകൾക്കും ഡസ്ക്കുകൾക്കുമെല്ലാമിടയിൽ അച്ച്ന്റെ ചിത്രം കമിഴ്‌ന്നു കിടന്നു! അവനമ്പരന്നു. രണ്ടുമാസം മുൻപ്‌ വരെ ഇത്‌ ഓഫീസിനകത്ത്‌ കണ്ടിരുന്നു. ഈ പൊട്ടിയ ചില്ലും വാരി എന്തിനിതു വീട്ടിൽ കൊണ്ടുപോകുന്നു? വാപ്പക്ക്‌ വട്ടുണ്ടോ? കുട്ടികൾ കണ്ടാൽ ?

 ആരും കാണാതിരിക്കാൻ ഒരു പൊളിത്തീൻ കവർ അവനെ സഹായിച്ചു. തിരിച്ച്‌ ഓഫീസ്‌ വരാന്തയിലൂടെ ചമ്മി നടക്കുന്നതിനിടയിൽ ചാക്കോ സാറ്‌ വെടിപൊട്ടുന്ന ശബ്ദത്തിൽ

" ഡാ.....ആ ചെതലൊന്നും തറേ വീഴിക്കാതെ കൊണ്ടുപോഡാ.........."

സഹിൽ വിയർത്തു .

 വീട്ടിലെത്തിയ ഉടനെ ചിത്രമടങ്ങിയ കവർ ഒരേറ്‌! ഈ നശിച്ച ചിത്രം കാരണം ആ പോത്താണ്ടൻ സാറെന്നോട്‌ വെറുതെ ചൂടായീ. പിന്നെ ഉമ്മയുടെ നേർക്ക്‌ തിരിഞ്ഞ്‌ "എനിക്ക്‌ വിശന്നിട്ട്‌ വയ്യ..........എന്തെങ്കിലും എടുക്ക്‌ ഉമ്മാ..." ഭാര്യ ഒരു നെടുവീർപ്പിട്ട്‌ അടുക്കളയിലേക്ക്‌ പോയി.

Friday, July 30, 2010

ചിന്തിക്കാനും അനുകരിക്കാനും.....ഒരു പത്ര വാർത്ത

കോടികളുടെ നിശ്ശബ്ദ സഹായത്തിന് 27 വയസ്സ്


Thursday, July 29, 2010

കോഴിക്കോട്: ഇവരുടെ അനാഥ സംരക്ഷണത്തിന് വാര്‍ഷിക മഹാസമ്മേളനങ്ങളില്ല; പേരിനുപോലും സര്‍ക്കാര്‍ സഹായമില്ല. ഭാരവാഹികളുടെ പടവും പേരും ഇന്നുവരെ ഒരു മാധ്യമത്തിലും വന്നിട്ടുമില്ല. എന്നിട്ടും, നഗരത്തില്‍ രണ്ടേക്കറില്‍ 1.25 കോടിയിലേറെ രൂപ ചെലവില്‍ ഇവര്‍ നിര്‍ധനര്‍ക്ക് പണിതത് 41 വീടുകള്‍. 27 കോടിയിലേറെ ചെലവിട്ട് സംരക്ഷണം നല്‍കിയത് നൂറു കണക്കിന് കുടുംബങ്ങള്‍ക്ക്. പരപ്പില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യതീം ഫണ്ടാ'ണ് നിശ്ശബ്ദ സേവനത്തിന്റെ 27 കൊല്ലം പിന്നിടുന്നത്.

1983 ആഗസ്റ്റ് 15 നാണ് യതീംഫണ്ട് പിറവിയെടുത്തത്. ഫ്രാന്‍സിസ് റോഡ് പരപ്പില്‍ ഭാഗത്തെ കുറേ ചെറുപ്പക്കാര്‍ 'സൊറ' പറയാന്‍ കൂടിയപ്പോള്‍ പ്രദേശത്തെ കുടുംബം നേരിടുന്ന പ്രശ്‌നവും ചര്‍ച്ചയായി. സാമ്പത്തികമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ ഗൃഹനാഥന്‍ മരിച്ചപ്പോള്‍ അഞ്ച് കുട്ടികളടങ്ങുന്ന കുടുംബം അനാഥരായതായിരുന്നു ചര്‍ച്ച. അഭിമാനമോര്‍ത്ത് കുടുംബം പട്ടിണിയറിയിക്കാതെ കഴിയുകയായിരുന്നു. അവരെ സഹായിക്കാന്‍ രൂപപ്പെട്ട കൂട്ടായ്മയാണ് യതീംഫണ്ട്. സ്വന്തം പോക്കറ്റില്‍നിന്ന് പണമെടുത്ത് ആരുമറിയാതെ കുടുംബത്തിന്റെ അഭിമാനം കാത്ത സംഘം ഇന്നും അതേ രീതി പിന്തുടരുന്നു. രണ്ട് കൊല്ലം കൂടുമ്പോള്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നുവെങ്കിലും സഹായമഭ്യര്‍ഥിച്ച് വിതരണം ചെയ്യുന്ന ബ്രോഷറില്‍പോലും ഭാരവാഹികളുടെ പേരുകാണില്ല. 37 അംഗങ്ങളുള്ള കൂട്ടായ്മയാണ് ഫണ്ട് മുന്നോട്ടുകൊണ്ടുപോകുന്നത്. കഷ്ടപ്പാടിനിടയിലും അഭിമാനമേര്‍ത്ത് വിഷമം പുറത്തറിയിക്കാത്ത നൂറു കണക്കിന് കുടുംബങ്ങളുടെ സംരക്ഷണം സംഘം ഏറ്റെടുത്തു. വീടുകളില്‍ സഹായമെത്തിക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അനാഥകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങി പണം മാസം തോറും അക്കൗണ്ടില്‍ എത്തിക്കുന്നു. പരപ്പില്‍ ബറാമി റോഡില്‍ ശമ്പളക്കാരനെ വെച്ചാണ് ഓഫിസ് പ്രവര്‍ത്തനം.

തെക്കെപ്പുറം, നല്ലളം, ബേപ്പൂര്‍ ഭാഗങ്ങളാണ് മുഖ്യപ്രവര്‍ത്തന മേഖല. അരക്കിണര്‍ പൊങ്ങിലോട്ട് കുഴിനിലത്ത് രണ്ടേക്കറില്‍ 30 വീടുകള്‍ പൂര്‍ത്തിയായി. 11 വീടുകളുടെ പണി അവസാന ഘട്ടത്തിലാണ്. അനാഥ കുട്ടികള്‍ക്ക് തൊഴില്‍-ആരോഗ്യ സംരക്ഷണം, വിവാഹ സഹായം എന്നിവയെല്ലാം നല്‍കുന്നു. ഗള്‍ഫിലെ സാധാരണക്കാരായ നാട്ടുകാരാണ് 80 ശതമാനം ചെലവും വഹിക്കുന്നത്.

പെരുന്നാള്‍ ദിനത്തില്‍ ബലി മൃഗത്തിന്റെ തോലും വരിസംഖ്യയും ചെലവുകള്‍ക്ക് ഉപയോഗിക്കുന്നു. ഏഴ് കുടുംബങ്ങള്‍ക്കായിരുന്നു തുടക്കത്തില്‍ സഹായമെങ്കില്‍ 263 കുടുംബങ്ങളെ ഇന്ന് സംഘം സഹായിച്ചുവരുന്നു. ഇതില്‍ 517 അനാഥക്കുട്ടികളുമടങ്ങുന്നു