Saturday, October 2, 2010

ചില്ലുടഞ്ഞ ചിത്രവും കുറെ സ്വപ്നങ്ങളും.

      ഇന്നാണു ഒന്നു വിളിക്കാൻ സമയം ഒത്ത്‌ വന്നത്‌, പൂർവ്വവിദ്യാർത്ഥിയെപ്പറ്റി അഭിമാനത്തോടെ – ആശ്ചര്യത്തോടെ ആലോചിച്ചു നിൽക്കുന്ന ഹെഡ്മാസ്റ്ററെ ഓർക്കാൻ തുടങ്ങിയിട്ട്‌ നാളേറേയായി.


ഇപ്പോൾ ഹെഡ്മാസ്റ്റർ എന്നല്ല പ്രിൻസിപ്പാൾ എന്നാക്കിയത്രെ! രണ്ടാൾ! ഹൈസ്കൂളിനും പ്ലസ്റ്റുവിനും വേറേ വേറേ. പണ്ട്‌ കഷണ്ടിയും കണ്ണടയും ഉള്ള മാത്യു സറായിരുന്നങ്കിൽ ഇന്ന് ചേറുപ്പക്കാരായ ഹെഡ്ഡനും പ്രീപ്പനും ആയി.

ഇതിൽ ആരു ഫോണെടുത്തലും അവർ ആഹ്ലാദപുളകിതരാവുമെന്നതിൽ സംശയമില്ല

ഞാനും ഉന്മേഷവാനായി.

     അർദ്ധചതുരാകൃതിയിൽ മൂന്ന് നിലകളിലായി പ്രൗഢിയോടെ ഉയർന്ന് നിൽക്കുന്ന സ്കൂളിന്റെ മധ്യഭാഗത്ത്‌ മുകളിലായി, കൈ നീട്ടി എല്ലാവരെയും അനുഗ്രഹിച്ച്‌ യേശുദേവന്റെ കൂറ്റൻ പ്രതിമ.
ഇത്രയുംപഴമയും പ്രൗഢിയോടെയും നിലകൊള്ളുന്ന മറ്റൊന്ന് ഈ ജില്ലയിൽതത്തന്നെ വേറെയില്ലല്ലോ. വിശാലമായ മുറ്റത്ത്‌ വെള്ളയും നീലയും നിറങ്ങളിൽ വരിവരിയായി നിൽക്കുന്ന കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും.

        നാളെ അസംബ്ലിയിൽ അല്ലെങ്കിൽ, ഏതെങ്കിലും ക്ലാസ്സിലെ കുട്ടികളോട്‌ ഈ പൂർവ്വവിദ്യാർത്ഥിയുടെ പേരും പെരുമയും അഭിമാനത്തോടെ വിളിച്ചു പറയുകയും ,അതുപോലെ സ്വന്തം കഴിവുകളെ വികസിപ്പിച്ച്‌ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാകാൻ ഉപദേശിക്കുകയും ചെയ്യുന്ന ഹെഡ്മാസ്റ്ററുടെ ഉത്സാഹമാർന്ന വചനങ്ങൾ കുട്ടികളേക്കാൾ മുൻപേ എന്റെ കാതുകൾക്ക്‌ ഇമ്പമുള്ളതായിരുന്നല്ലോ. (ഇങ്ങനെ ഒരു നാൾ ഉണ്ടയേക്കുമെന്ന് എത്ര കാലമായി കരുതുന്നു!!)

ഫോണിൽ പറയേണ്ട കാര്യം ഞാൻ ഒന്നുകൂടി ഓർത്തു...

."ഞാൻ നാട്ടുകാരനായ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ... പേര്‌ ഹനീഫ. അങ്ങാടിക്കടുത്ത്‌ തന്നെ വീട്‌....ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്‌ , എണ്ണഛായത്തിൽ ഞാൻ തന്നെ വരച്ച നമ്മുടെ സ്കൂളിന്റെ സ്ഥാപകനായ ഫാദറിന്റെ ഫ്രെയിം ചെയ്ത ഛായാചിത്രം ഹെഡ്മാസ്റ്ററുടെ ഒഫീസിന്റെ ചുമരിൽ കഴിഞ്ഞ 24 വർഷത്തോളമായി തൂക്കിയിട്ടിരുന്നു. അപൂവ്വമായി നാട്ടിലെത്തുന്ന എനിക്ക്‌, ആ ചിത്രം അവിടെ കാണുമ്പോൾ , സന്തോഷവും ഗൃഹാതുരമായ ഓർമ്മകളും ഉണ്ടാവാറുണ്ട്‌. പക്ഷെ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ സ്കൂളിൽ വന്ന എനിക്കതവിടെ കാണാനായില്ല.. കേടുവന്ന് മാറ്റിയതാണെങ്കിൽ എന്റെ മകൻ സഹിൽ ഒൻപതു ഡി ക്ലാസ്സിൽ പഠിക്കുന്നുണ്ട്‌ അവൻ വശം അതു എന്റെ വീട്ടിൽ കൊടുത്തയക്കണം....."

ആശ്ചര്യത്തോടെ എന്നൊട്‌

 "നിങ്ങൾ എട്ടീ പഠിക്കുമ്പം വരച്ചതാന്നോ?.മകൻ ഇവിടെ പഠിക്കുന്നുണ്ടെന്നോ....?
എന്നെ പരിചയമില്ലത്ത സാർ പിന്നെ ചോദ്യങ്ങളും അഭിനന്ദനങ്ങളും.

പിന്നെ ഉറക്കെ.."സാറെ ..ഇത്‌ ഒൻപതു ഡി ക്ലാസ്സിൽ പഠിക്കുന്ന സഹലിന്റെ ഫാദറാ...ദുബായീന്ന വിളിക്കുന്നേ..നമ്മുടെ ഫാദറിന്റെ പടം വരച്ചത്‌ ഇങ്ങേരാ..""

     ഇനി സഹിലിനും സ്കൂളിൽ അഡ്രസ്സായി ! അവന്റെ പിതാവ്‌ എട്ടിൽ പഠിക്കുന്ന കാലത്ത്‌ വരച്ച ചിത്രം അവനും പെരുമ നൽകും.!! അവനെ അവർ ഗുണദോഷിക്കും....

"എന്നിട്ട്‌ നീ എന്താടാ ഇതുപൊലൊന്നും ഒണ്ടാക്കാത്തേ ?"

    ഞാനെപ്പോഴും പരാതിപ്പെടുന്ന കാര്യങ്ങൾ. എട്ടും പത്തും പ്ലസ്‌ ടു വും കഴിഞ്ഞവർ എംപീത്രീ യും തട്ടുപൊളിപ്പനും മൊബൈൽ ഫോണും മത്രമായി നടക്കുന്നു. വായനയില്ല കവിതയില്ല വരയേക്കാൾ നല്ലത്‌ അവർക്ക്‌ ക്രിക്കറ്റ്‌ മാത്രം!.

അധ്യാപകൻ തുടർന്നു....."അയ്യോ ! അതിവിടൊണ്ട്‌....ഇത്തിരി ചിതലുപിടിച്ചപ്പം മാറ്റിയെന്നേയുള്ളൂ. എന്നാ സഹിൽ വശം വീട്ടീ കൊടുത്തയച്ചേക്കാം.....നമുക്കതൊന്ന് പുതിയത്‌ വരക്കണം കെട്ടൊ?."



    പിറ്റേന്ന് ഭാഗികമായി ചിതൽ പിടിച്ച ചിത്രവുമായി ഓഫീസിൽ നിന്ന് സഹിൽ ക്ലാസ്സിലെത്തി, തനിക്ക്‌ വന്നുചേർന്ന ഒരു ഭാഗ്യാവസരമായി കുട്ടികൾക്ക്‌ നടുവിൽ അവൻ തല ഉയർത്തിയിരുന്നു. സഹിലിന്റെ ബാപ്പയെപ്പോലെ തങ്ങളുടെ അചഛ്നമ്മമാർ ആയില്ലല്ലോ എന്നവർ പരിഭവപ്പെടും! ചില്ലു വീണുടയുമെന്ന് പറഞ്ഞ്‌ ആർക്കും വിട്ടുകൊടുക്കാതെ മുറുകേപിടിച്ചിരുന്നു.

     സ്കൂളിന്റെ സുവനീർ പതിപ്പിൽ നിന്നാണു സ്കൂളിന്റെ സ്ഥാപകനായ അച്ചന്റെ ചിത്രം വരക്കാനായി എനിക്ക്‌ കിട്ടിയിരുന്നത്‌. എസ്റ്റേറ്റ്‌ തൊഴിലാളിയായ എന്റെ ബാപ്പക്ക്‌ അഴ്ചയിലൊരിക്കൽ കിട്ടുന്ന മുപ്പത്തേഴു രൂപയിൽനിന്ന് പന്ത്രണ്ട്‌ രൂപയുമായി കോഴിക്കോട്‌ പോയി വരക്കാനുള്ള കാൻവാസും കറുപ്പും വെളുപ്പും ഓയിൽ പെയിന്റും വാങ്ങി അതേ ബസ്സിൽ തന്നെ തിരിച്ചു പോന്നു!

നാട്ടിൽ നീന്ന് ടൗണിലേക്ക്‌ ഒറ്റക്കുള്ള ആദ്യ യാത്രയും അതു തന്നെ!!

രണ്ടുനാൾ ഉറങ്ങാതെയിരുന്ന് വരച്ചു. അതും റാന്തൽ വിളക്കിന്റെ വെളിച്ചത്തിലിരുന്ന്.....

     അടുത്ത ദിവസം മുഴുവൻ ഉണങ്ങാത്ത ചിത്രവുമായി സുലൈമാൻ കാക്കയുടെ ചില്ലുകടയിൽ ചെന്ന് ഫ്രെയിം ചെയ്യാൻ ഏൽപ്പിച്ചു. പല തവണ ചെന്നു കാത്തിരുന്നു. കിട്ടിയപ്പോൾ ബാപ്പ അടുത്താഴ്ച കാശുതരുമെന്നു പറ്റ്പറഞ്ഞു. ബാപ്പക്ക്‌ രണ്ടാഴ്ചയിലെ പലചരക്ക്‌ കടയിലേ പറ്റു ബുക്കിൽ വരവ്‌ പൂജ്യമായിക്കിടന്നു.

“ഉണ്ണീൻ കുട്ട്യേ,, ബെള്ള്യായ്ച്ച രണ്ടെണ്ണം കയ്ഞ്ഞ്ക്കണല്ലോ?...”.

 കറുത്തു തടിച്ച കണ്ണടക്കിടയിലൂടെ, തൂക്കിക്കെട്ടിവച്ച സാധനങ്ങൾ സഞ്ചിയിലേക്കിടുന്ന ബാപ്പയേ നോക്കി മമ്മദ്ക.. വിനീതനായി ബാപ്പ കാശുചിലവായ കര്യം പറഞ്ഞു,.

ഹും..മമ്മദ്ക എന്നെ തുറിച്ചു നോക്കി..

" ബരക്കണപണി കള്ളുട്യെമ്മാരതാ.. അതൊന്നും പട്ച്ചണ്ട!!"

     തിങ്കളാഴ്ച രാവിലെ നേരത്തെ ഉണർന്നു. ചിത്രത്തെയും അത്‌ എല്ലാവരും കാണുമ്പോൾ എനിക്ക്‌ ഉണ്ടാവുന്ന അനുഭൂതിയും മാത്രമായി ചിന്ത .മഴ എന്റെ പുസ്തകത്തെയും എന്നെയും മുഴുവനായി നനച്ചു. കടലാസ്‌ ചിത്രത്തിന്റെ ചില്ലിൽ നനഞ്ഞ്‌ ഒട്ടി നിന്നു. തണുപ്പ്‌ എന്റെ തടിച്ച ശരീരത്ത്‌ ഏശിയില്ല. വല്ലാത്തൊരുന്മാദത്തിൽ ഒന്നും ഞാനറിഞ്ഞില്ല. പുസ്തകക്കെട്ടും വലിയ ചിത്രവുമായി സ്കൂളിലേക്ക്‌ ഞാനോടിക്കൊണ്ടിരുന്നു.

ക്ലാസ്സ്‌ റൂമിലെ ആദ്യ കമന്റ്‌ തന്നെ

" ഇത്‌ ആരെക്കൊണ്ട്‌ വരപ്പിച്ചതാടാ.....? " ബെന്നി കെ. എം കളിയാക്കി.

സ്വന്തമായി ഒന്നിനും കഴിയാത്തവരുടെ അസ്ത്രം!! പിന്നെ ആരെയും കാണിക്കാനും തോന്നിയില്ല. ക്ലാസ്സിന്റെ ഒരു സൈഡിലേക്ക്‌ എടുത്തു വച്ചു. ചിത്രം ഓഫീസിൽ എത്തിക്കാനാണിനി പണി.അപകർഷതാബോധവും ഭയവും എന്നെ പിറകോട്ട്‌ വലിച്ചു. അവസാനം, കുട്ടികളെ വിവേചനത്തോടെ കാണാത്ത ജയിംസ്‌ സാറുടെ ഫിസിക്സ്‌ ക്ലാസ്സിനു ശേഷം സാറിനു പിറകെ ചിത്രവുമായി ചെന്നു കാണിച്ചു.അദ്ദേഹത്തിന്റെ പ്രോൽസാഹന വാക്കുകൾ വളരെ കുറഞ്ഞതായിരുന്നു.

"നന്നായിട്ടുണ്ട്‌ .. നീ വരച്ചതാണല്ലേ..?സ്കൂളീവെക്കാനാണോ? "

     അദ്ദേഹം അതെടുത്ത്‌ ഓഫീസിലേക്ക്‌ നടന്നു. അതോടേ ഹെഡ്‌ മാസ്റ്ററുടെ തലക്കുമുകളിൽ പിന്നിലെ ചുമരിലതു തൂങ്ങിക്കിടന്നു. ആരും ഒരിക്കലും അതിന്റെ ശിൽപിയെ അന്വേഷിച്ചില്ല. ആരും ഒരു പ്രോൽസാഹന വാക്കുകളും പറഞ്ഞില്ല. ബ്ലാക്കാന്റ്‌ വൈറ്റ്‌ പോര്ട്രെ യ്റ്റിനു താഴെയായി എന്റെ പേരു ശോണിമയണിഞ്ഞുനിന്നു.



      എട്ടും ഒൻപതും എസ്സ്‌.എസ്സ്‌.എൽ.സിയും കഴിഞ്ഞു. വർഷങ്ങൾ കൊഴിഞ്ഞു വീണു. എന്റെ മകളും അവിടെ പഠിച്ചു പുറത്തുറങ്ങി. ഇപ്പോൾ മകൻ ഒൻപതിൽ. ഇത്രയും കാലം അതവിടെ സ്ഥാനം തെറ്റാതെ നിന്നു. ഇടക്ക്‌ മക്കളുടെ ആവശ്യങ്ങൾക്ക്‌ സ്കൂളിലേക്ക്‌ ചെല്ലുമ്പോൾ ഞാൻ ആ ചിത്രം കാണും. കാണുമ്പോഴൊക്കെ മനസ്സിൽ മഴ പെയ്തു. ഞാൻ കോരിത്തരിച്ചു! എന്റെ സ്വകാര്യ നിർവൃതിയായി എന്നും കൊണ്ടുനടന്നു

************************************************************************************************************



ഫോൺ എടുത്ത്‌ സ്കൂളിന്റെ നമ്പരടിച്ചു. മറുപുറത്ത്‌ ഫോൺ എടുത്തത്‌ ആരാണെന്നും എന്തു പറയണമെന്ന് നേരത്തെ ഓർത്തുവച്ചതുമെല്ലാം മറന്നു.

""എന്റെ പേരു്........... ഞാനൊരു പൂർവ്വവിദ്യാർത്ഥിയായ നാട്ടുകാരനാണ്‌. ഞാൻ എട്ടിൽ പഠിക്കുന്ന കാലത്ത്‌ വരച്ച അച്ചന്റെ പോര്ട്രൈ റ്റ്‌ ഓഫീസിൽ വച്ചിരുന്നത്‌ കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടില്ല."

"ഓഹ്‌..അതാണോ? അതിച്ചിരി ചിതലുപിടിച്ചപ്പോ മാറ്റിയതാ..."

"അതവിടെ ഉണ്ടെങ്കിൽ ഒൻപത്‌ ഡി ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ സഹിൽ വശം എന്റെ വീട്ടിൽ കൊടുത്തു വിടണം.."

" അവടെങ്ങാനും കെടപ്പുണ്ടേൽ കൊടുത്തു വിടാം....." അലക്ഷ്യമായ മറുപടി പതിഞ്ഞു കേട്ടു.

ഇത്രയും നാൾ വിചാരിച്ച ഒരത്ഭുതങ്ങളും ഉണ്ടായില്ല! ചോദ്യങ്ങളും !!

പിറ്റേന്ന് സഹിലിനെ ഓഫീസിലേക്ക്‌ വിളിപ്പിച്ചു..അകത്തെ കോണിച്ചുവട്‌ കാണിച്ച്‌ പ്യൂൺ അവനോട്‌.

"നിന്റെ വാപ്പ വരച്ച ചിത്രം ദോ... ണ്ടവടെ കെടപ്പുണ്ടാവും എടുത്തോണ്ട്‌ പൊക്കോ"

    അവൻ കോണിച്ചുവടിലേക്ക്‌ നടന്നു. കെട്ടുകൾ പൊട്ടിയ പഴയ പുസ്തകക്കെട്ടുകളും കാലില്ലാത്ത ബഞ്ചുകൾക്കും ഡസ്ക്കുകൾക്കുമെല്ലാമിടയിൽ അച്ച്ന്റെ ചിത്രം കമിഴ്‌ന്നു കിടന്നു! അവനമ്പരന്നു. രണ്ടുമാസം മുൻപ്‌ വരെ ഇത്‌ ഓഫീസിനകത്ത്‌ കണ്ടിരുന്നു. ഈ പൊട്ടിയ ചില്ലും വാരി എന്തിനിതു വീട്ടിൽ കൊണ്ടുപോകുന്നു? വാപ്പക്ക്‌ വട്ടുണ്ടോ? കുട്ടികൾ കണ്ടാൽ ?

 ആരും കാണാതിരിക്കാൻ ഒരു പൊളിത്തീൻ കവർ അവനെ സഹായിച്ചു. തിരിച്ച്‌ ഓഫീസ്‌ വരാന്തയിലൂടെ ചമ്മി നടക്കുന്നതിനിടയിൽ ചാക്കോ സാറ്‌ വെടിപൊട്ടുന്ന ശബ്ദത്തിൽ

" ഡാ.....ആ ചെതലൊന്നും തറേ വീഴിക്കാതെ കൊണ്ടുപോഡാ.........."

സഹിൽ വിയർത്തു .

 വീട്ടിലെത്തിയ ഉടനെ ചിത്രമടങ്ങിയ കവർ ഒരേറ്‌! ഈ നശിച്ച ചിത്രം കാരണം ആ പോത്താണ്ടൻ സാറെന്നോട്‌ വെറുതെ ചൂടായീ. പിന്നെ ഉമ്മയുടെ നേർക്ക്‌ തിരിഞ്ഞ്‌ "എനിക്ക്‌ വിശന്നിട്ട്‌ വയ്യ..........എന്തെങ്കിലും എടുക്ക്‌ ഉമ്മാ..." ഭാര്യ ഒരു നെടുവീർപ്പിട്ട്‌ അടുക്കളയിലേക്ക്‌ പോയി.