Saturday, November 6, 2010

നിലാവുപോലെ ചിരിതൂകുന്ന ആൺകുട്ടി

    ചെറിയ അങ്ങാടി വളർന്ന് ഒരു നഗരത്തിന്റെ പരിവേഷമണിഞ്ഞത്‌ അൽഭുതത്തോടെ നോക്കി നിന്ന ബഷീറിന്റെ ചുമലിൽ തോണ്ടി കുഞ്ഞാക്ക താഴേക്ക്‌ മാത്രം നോക്കി മുന്നോട്ട്‌ നടന്നുകൊണ്ടിരുന്നു.
         തന്റെ അങ്ങാടി വളരുകയോ തളരുകയോ? കുഞ്ഞച്ചൻ ചേട്ടൻ പൂസായി തന്റെ ഭാര്യയെ പ്രിയതമേ...എന്ന്‌ നീട്ടിവിളിച്ച്‌ വഴക്കിട്ടും കെട്ടിപ്പിടിച്ചും നടന്ന കവല! നാൽക്കവലയിൽ അരികിലേ മീൻ കൊട്ടയിൽ പമ്മിനടക്കുന്ന കാക്കകളെ ഒച്ചയിട്ട്‌ ഓടിക്കുകയും പൂച്ചകൾക്ക്‌ മടിയിൽ വച്ച്‌ മീൻ കൊടുക്കുകയും ചെയ്തിരുന്ന മമ്മുക്കയുടെ അങ്ങാടി! കുടവയറുകൾ കുലുക്കി നഗ്നമായമാറത്ത്‌ നീളമുള്ള തോർത്തും കഴുത്തിൽ കുരിശുള്ള സ്വർണ്ണ ചങ്ങലയും വയറിലേക്ക്‌ മടക്കി ക്കുത്തിയ മുണ്ടും വായ്‌ നിറയേ മുറുക്കും ചവച്ച്‌, തൊമ്മൻ മാപ്ലയും,വറീതും,ഔസേപ്പുചേട്ടനും ദൂരെ പുഴക്കക്കരെ "നാടൻ" മോന്താൻ വൈകുന്നേരങ്ങളിൽ സ്ഥിരമായി നടക്കുന്ന റോഡിൽ ഇപ്പോൾ അപരിചിതരും ബംഗാളികളും ഹിന്ദി സംസാരിക്കുന്നവരും, വിദേശനിർമ്മിത കാറുകളും ബൈക്കുകളും! ആളുകൾ കൂട്ടങ്ങളായി പെരുകി. നട്ടുച്ചയിലും വിദേശമദ്യഷോപ്പിലെ ക്യൂവിന്റെ നീളം കുറഞ്ഞില്ല. നാട്ടിൽ വന്നിട്ട്‌ കുറേ നാളായെങ്കിലും മാറ്റങ്ങളുടെ നേർക്കാഴ്ചകളെ ഉൾക്കൊള്ളാനാകാതെ ബഷീർ കുഞ്ഞാക്കയെ അനുഗമിച്ചു.

   കുഞ്ഞാക്ക നീളമുള്ള കഴുത്ത്‌ ഒരിക്കലും ഉയർത്താതെ മുന്നേ നടന്നു കൊണ്ടിരുന്നു .കുഞ്ഞാക്ക ബഷീറിന്റെ ബാല്യകാലം മുതലുള്ള മിത്രമാണ്‌. പ്രായം അവർക്ക്‌ ഒരുപോലെ. പേര്‌ അഷ്‌റഫ്‌. എന്തുകൊണ്ടോ അവനെ ആളുകൾ കുഞ്ഞാക്ക എന്നു വിളിച്ചു പോന്നു.
       പഴക്കം ചെന്ന ഓടുമേഞ്ഞ മൂന്നുനില കെട്ടിടത്തിലെ പവിലന്റെ ചായം പുരണ്ട, മണ്ണെണ്ണയുടെയും ഡിസ്റ്റമ്പറിന്റെയും മണമുള്ള സ്ഥിരം ലക്ഷ്യത്തിലേക്കവർ ഗോവണി കയറുമ്പോൾ പൊടുന്നനേ മഴ! അതുവരെ കത്തി നിന്ന പകലിനു ദാഹം തീർക്കാൻ നിൽക്കാതെ മഴ വന്നതുപോലെ തിരിച്ചു പോയി.

    പവിലന്റെ ബോർഡെഴുതുന്ന റൂമിനുമുൻപിലേ വരാന്തയിൽ ബഞ്ചിൽ ഇരിക്കുമ്പോൾ ഓടിൻപുറത്ത്‌ വീണ മഴത്തുള്ളികൾ കാഴ്ചക്കിടനൽകാതെ ഓടിനുള്ളിലേക്ക്‌ ഊളിയിട്ടു!.പുറത്ത്‌ പകൽ വീണ്ടും എരിഞ്ഞു കൊണ്ടിരുന്നു. ദാഹവും വിശപ്പും അതിന്റെ ഉച്ചസ്ഥായിയിലേക്ക്‌ വളരുന്നത്‌ അവർ അറിഞ്ഞുതുടങ്ങിയിരുന്നു.

    സംസാരിക്കൻ ഒരുപാട്‌ വിഷയങ്ങളുണ്ടായിരുന്നിട്ടുകൂടി മൗനം അവർക്കിടയിൽ വാചാലമാകുന്നത്‌, യാദൃഛികമല്ലെന്നത്‌ ഇരുവരും അറിയുന്നുണ്ടായിരുന്നു.. ആത്മ സുഹൃത്തിന്റെ വരവ്‌ കാത്തിരിക്കുകയായയിരുന്നു അവർ രണ്ടാളും.

കാത്തിരിക്കുന്ന പഴയകൂട്ടുകാരനും അവർക്കുമിടയിൽ വർഷങ്ങളുടെ വിടവുകൾ ഒരുപാട്‌ അകൽച്ചകൾ ഉണ്ടാക്കിയിട്ടില്ല്ലെന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിക്കുകയായിരുന്നിരിക്കാം അവർക്കിടയിലേ മൗനം!. ആ മൗനത്തിനും ആയിരം നാവുകളുണ്ടായിരുന്നു. ബഷീർ ആലോചിച്ചു.

കുഞ്ഞാക്ക ഒരു സിഗരെറ്റെടുത്ത്‌ പുകച്ചു തുടങ്ങി.

       പണ്ട്‌ ഇവിടെയിരുന്ന് രാവേറേയായാലും പറഞ്ഞാൽ തീരാത്ത വിഷയങ്ങൾ. എഴുത്തുകാരും സാഹിത്യവും ചർച്ചകളിൽ മുന്നിൽ നിന്നിരുന്ന, ആ സ്മൃതി പോലും മധുരതരമായ തീക്ഷ്ണമായ യൗവനകാലം.ഇടക്ക്‌ ചിലർ സ്വയം കഥാപാത്രങ്ങളായി.ചിലപ്പോൾ ചിലർ കരഞ്ഞു. പങ്കജ്‌ മല്ലിക്കും, തലത്തും, മുഹമ്മദ്‌ റാഫിയും, യേശുദാസും പാടുന്ന പാട്ടുകളിൽ സ്വയം മറന്നു.പവിലന്റെ ഓടക്കുഴൽ കൂടിയാകുമ്പോൾ രാത്രികൾക്ക്‌ കൊഴുപ്പുകൂടി.അന്നൊക്കെ പക്വതയാർന്ന ദീർഘവീക്ഷണമുള്ള കാഴചപ്പടുകളിലേക്ക്‌ അവരെ ആനയിച്ചു മുൻപിൽ നടന്നത്‌, ഇപ്പോൾ അവർ കാത്തിരിക്കുന്ന ജോൺ ഫ്രാൻസീസായിരുന്നു.

"നിങ്ങൾ വികാരങ്ങളിൽ വിശ്വസിക്കുന്നു.ഞാൻ വിചാരങ്ങളിലും"

ജോൺഫ്രാൻസിസ്‌ ഇടയ്ക്ക്‌ അവരോട്‌ പറയുമായിരുന്നു.

   സുഹൃത്തുക്കൾക്കിടയിൽ വാക്ചാതുര്യവും സാമർത്ഥ്യവും വിവേചനബുദ്ധിയും കൃത്യനിഷ്ഠയും കൊണ്ട്‌ ജോൺഫ്രാൻസിസ്‌ വേറിട്ടുതന്നെ നിന്നു. മരുഭൂപ്രവാസത്തിന്റെ പരുക്കൻ തലങ്ങൾ കേട്ടും വായിച്ചും അറിഞ്ഞിരുന്നത്‌ കൊണ്ടു തന്നെ ഒരിക്കലും അവർ ഗൾഫ്‌ മോഹിച്ചിരുന്നില്ല. രാവുകളിലെ സാഹിത്യ ചർച്ചകൾ അന്നത്തിനു വക നൽകുന്നില്ലെന്ന തിരിച്ചറിവ്‌ പക്ഷെ, വാൽനക്ഷത്രത്തെ നോക്കി പുൽ മൈതാനിയിൽ മലർന്നു കിടന്ന ഒരു രാത്രി വെളിപാടുപോലെ ഗൾഫിൽ പോകാനുള്ള ഒരുക്കത്തിനു വഴി നൽകി.

   ഭായി മാരുടെ നാലു മാസത്തെ പീഠനങ്ങൽക്കൊടുവിൽ ബോംബെ നഗരത്തിൽ നിന്ന് സൗദിയിലേക്ക്‌ ബഷീർ വിമാനം കയറി.ജോൺ ഫ്രാൻസിസ്‌ ദുബായിലേക്കും. ഒരു ശരാശരി ഗൾഫുകാരന്റെ പരിമിതികളിൽ ഒതുങ്ങിയ ബഷീറിന്റെ പ്രവാസം വർഷങ്ങൾ കവർന്നതല്ലാതെ ഒന്നും ബാക്കി വച്ചില്ല!. ആദ്യമൊക്കെ നീണ്ട കത്തുകൾ അവരുടെ സൗഹൃദങ്ങളെ ഊട്ടിയുറപ്പിച്ചു. കത്തുകൾ ഫോണിലേക്ക്‌ വഴിമാറിയതോടെ സമയക്കുറവിന്റെ തിരക്കിലേക്കു് ജോൺഫ്രാൻസിസ്‌ മാറിക്കൊണ്ടിരുന്നു. ജോൺഫ്രാൻസിസ്ന്റെ വാക്കുകൾ പോലെത്തന്നെ അവൻ " വിചാരങ്ങളിൽ വിശ്വസിച്ചിരുന്നു". അവന്റെ ശ്രമം കൊണ്ട്‌ തന്നെ വലിയ ബിസ്സ്നസ്സുകാരനായവൻ മാറി. തലചായ്ക്കാൻ സ്വന്തമായി ഒരിടം കിട്ടിയപ്പോൾ.ഇനി മരുഭൂമിയിലേക്കില്ലെന്നുറപ്പിച്ച്‌ ഇപ്പോൾ ബഷീർ നാട്ടിൽ വന്നിട്ട്‌ ആറുമാസം. കീശ കാലിയായിത്തുടങ്ങിയതോടെ മറ്റൊരു വിസക്കായുള്ള ശരാശരിക്കരന്റെ ക്ലൈമാക്സിലും!.വികാരങ്ങളിൽ വിശ്വസിക്കുന്നവന്റെ ഗതികേട്!
" അവനെന്താ വൈകുന്നത്‌"
സിഗരറ്റ്‌ കെടുത്തിക്കൊണ്ട്‌ കുഞ്ഞാക്ക.

    തോളിൽ തളർന്നുറങ്ങുന്ന മകനെയും കൊണ്ട്‌ ഡോക്ടറുടെ വീട്ടുമുറ്റത്തെ നീണ്ട ക്യുവിൽ നിൽക്കുന്ന ഭാര്യയെക്കുറിച്ചുള്ള ചിന്ത, കാത്തിരിപ്പിന്റെ നീളത്തിനനുസരിച്ച്‌ അസ്വസ്ഥതയായിപ്പെരുകി കുഞ്ഞാക്കക്ക്‌.

   മഴയത്ത്‌ ഇനിയും ചോരുന്ന മേൽക്കൂര പൊളിചുമാറ്റാൻ, ദൈവത്തിലുറച്ച്‌ വിശ്വസിച്ച്‌ ധനം ദൈവത്തിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുന്ന കുറെ മനുഷ്യസ്നേഹികളുടെ കാരുണ്യത്തിന്റെ ശേഷിപ്പുകളിൽ തന്റെ ഊഴം കാത്ത്‌ മഹല്ല് മൗലവിയുടെ വാതിൽക്കൽ കാത്തിരിക്കുന്ന സ്വന്തം സഹോദരിയുടെ ഇന്നു രാവിലെ കണ്ട മുഖം - തനിക്ക്‌ ഫ്രീയായിക്കിട്ടിയ ലേബലായ "ഗൾഫുകാരനെ" കാറിത്തുപ്പുന്നതായി വീണ്ടും അനുഭവപ്പെടുന്നതിൽ നിന്നൊരു രക്ഷക്കായി ചിന്തയെ ഒരു സിഗരറ്റിലേക്ക്‌ പറിച്ചു നടാൻ വിഫല ശ്രമം നടത്തി ബഷീർ. ചിന്തകൾ തന്റെ ശരീരഭാരം ഇല്ലാതാക്കി ഈ പുകച്ചുരുളുകൾ പോലെ വായുവിൽ ലയിച്ചില്ലാതാവുന്നതായി അയാൾക്കു തോന്നി. കുഞ്ഞാക്കയിൽനിന്ന് എന്തെങ്കിലും ഒരുവാക്ക്‌ കേൾക്കാൻ ബഷീർ ആഗ്രഹിച്ച ആ സമയത്ത്‌ കാഴ്ചയെ ഗോവണിപ്പടിയിലേക്കാനയിച്ചു കുഞ്ഞാക്ക.

     പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടി! ചിരിയും നാണവും അവനെ കൂടുതൽ ഓമനത്തമുള്ളതാക്കി. വരച്ചുവച്ച ചിത്രങ്ങളെ നോക്കുകയാണ്‌ അവൻ. ഇടയ്ക്ക്‌ അവരെ നോക്കി ചിരിച്ചു. ജനലിഴകളിൽ പിടിച്ചവൻ അകത്തെ കാഴ്ചകളിൽ മുഴുകി.

"മോന്റെ പേരെന്താ?"
"ലിജോ"
"എവിടയാ വീട്‌"
"മലേലാ.
ആശ്ചര്യത്തോടെ കുഞ്ഞാക്ക ബഷീറിനെ നോക്കി.

"എങ്ങിനെ ഇവിടെ എത്തി?"

"....ഞാൻ ചിത്രങ്ങൾ കണ്ടപ്പോ കെറീതാ..."

അവന്റെ നാണം പിന്നെയും. വിരൽ കടിച്ച്‌ തല ഒരു സൈഡിലേക്ക്‌ ചരിച്ച്‌.....

അവനെ കണ്ടതോടെ,ആ നിഷ്കളങ്കതക്ക്‌ മുൻപിൽ എല്ലാം മറന്ന മട്ടായി!.
"മലേന്ന് മോനിവിടെങ്ങനെ എത്തി" കുഞ്ഞാക്ക അരാഞ്ഞു.

"അമ്മ ആസ്പത്രീൽണ്ട്‌ അവ്ടുന്നാ ഞാൻ വരണെ. അമ്മ നാലു ദിവസായി വന്നിട്ട്‌..ഞാനും അമ്മേടൊപ്പം വന്നതാ"

കുറചുകൂടി പരിചയത്തിലായതോടെ അകത്തേക്ക്‌ തലയിട്ട്‌
 "ഞാൻ കേറി നോക്കട്ട?"

അവൻ ഓരോന്ന് ചോദിച്ചു കൊണ്ട്‌ ചിത്രങ്ങളും മറ്റും നോക്കി നിന്നു.
"മോൻ ചോറുണ്ടോ?"

"അമ്മയ്ക്ക്‌ കിട്ടിയില്ല അതോണ്ട്‌ ഞാനും ഉണ്ടില്ല"
ഏതോ ശ്രദ്ധയിൽ ലയിച്ച്‌ തിരിഞ്ഞു നോക്കാതെയുള്ള മറുപടി കുഞ്ഞാക്കയേയും ബഷീറിനേയും അമ്പരപ്പിച്ചു!.

അവനപ്പോൾ വിശപ്പല്ലായിരുന്നു മുഖ്യം.തിരച്ചിൽ നിർത്തി പുറത്തുവന്നത്‌ ഒരുചിത്രം ചോദിച്ചായിരുന്നു.

അമ്മക്കെന്താ അസുഖം?
"പനിയും ചർദ്ദീം ഒക്കെണ്ടാർന്നു. ഇന്ന് പോകാംന്ന് പറഞ്ഞു.

എന്നാ അമ്മേം കൂട്ടി മോന്‌ പോയിക്കൂടെ?

"അതിന്‌ ആസ്പത്രീ കൊടുക്കാൻ പൈസ തെകയാഞ്ഞിട്ടാ.."

      കുഞ്ഞാക്കയുടെ കണ്ണുകൾ ബഷീറിന്റെ കണ്ണിൽ ഉടക്കി. കീശയിലെ പത്ത്‌ രൂപ അയാളുടെ നേരെനീട്ടി ഉള്ളതെടുക്കാൻ കുഞ്ഞാക്ക ആംഗ്യം കാട്ടി. കീശയുടെ ആഴങ്ങളിൽ പരതിയ വിരലുകളിൽ തടഞ്ഞ ചെറിയനോട്ടുകൾ ബഷീർ കയ്യിലെടുത്തു! മോനും അമ്മക്കും ചോറിനുള്ളപൈസയായി. അവനേകൂട്ടി തഴേക്കിറങ്ങി.

"ഉം..ഉം...നടക്കട്ടെ"

    തയ്യൽക്കാരൻ സുലൈമാൻ തന്റെ ഏറാന്മൂളികൾക്കൊപ്പമിരുന്നു് വിളിച്ചുപറഞ്ഞു.അയാളുടെ ഉഴിഞ്ഞുള്ള നോട്ടത്തിന്റെ അർത്ഥം വകവെക്കാതെ അവർ നടന്നത്‌ സുഹൃത്തായ ശ്രീധരന്റെ സൈക്കിൾഷോപ്പിലേക്ക്‌.

   ശ്രീധരൻ നോട്ടുകൾ ലിജോ യുടെ പോക്കറ്റിലിട്ടു. ലിജോ ആശുപത്രിയിലേക്ക്‌ നടന്നു. ശ്രീധരന്റെ കടയിലിരിക്കും മുൻപ്‌ ദാഹവും വിശപ്പും ഓരോഗ്ലാസ്സ്‌ മോരിൻ വെള്ളത്തിലൊതുക്കി.ലിജോയുടെ കാര്യം പറഞ്ഞിരിക്കുമ്പോൾ ജോൺഫ്രാൻസിസിന്റെ ഫോൺ!.

   പുതിയ വെളുത്ത കാർ ശ്രീധരന്റെ കടക്ക്‌ മുന്നിൽ നിർത്തി.തടിച്ച്‌ കഷണ്ടിയുള്ള വയറുചാടിയ ആൾ കാറിൽ നിന്നിറങ്ങി.മുഖത്തെ ഗ്ലാസ്സ്‌ മാറ്റിയപ്പോഴും ആളെ മനസ്സിലാക്കാൻ സമയമെടുത്തു.ജോൺ ഫ്രാൻസിസ്‌! തലയിൽ മുടി പകുതിയായെങ്കിലും നര വന്നിട്ടില്ല. ഹാഫ്‌ കൈ ഷർട്ട്‌ വലിയ വയറിലേക്ക്‌ ഇൻ ചെയ്തിരിക്കുന്നു.വിലകൂടിയ ഷൂ, ബെൽറ്റിൽ മൊബെയിൽ ഫോണിന്റെ കെയ്സ്‌!!

പണ്ടത്തെ ജോൺ ഫ്രാൻസിസിന്റെ രൂപം ഇതാ തന്റെ മനസ്സിൽ മരിച്ചു വീഴുന്നു!
മുണ്ടും വൃത്തിയായി മടക്കിയ ഫുൾകൈ ഷർട്ടും കാലിലെ തോൽചെരുപ്പും........ബഷീറിനു വിശ്വസിക്കാനായില്ല

"നീയെന്താ കൃഷ്ണനെ കാണാൻ പോയ കുചേലനെപ്പോലെ നിൽക്കുന്നേ?"
ശബ്ദത്തിനു മാറ്റം വന്നിട്ടില്ല!. ആ ചിരിക്കും.

  മറുപടി ഒന്നും പറയാനകാതെ പഴയകാലത്തിന്റെ നിറഞ്ഞുതുളുമ്പുന്ന ഓർമ്മകളിൽ സ്വയം നഷ്ടപ്പട്ടു ബഷീർ. കുറച്ച്‌ കുശലാന്വേഷണങ്ങൾക്കൊടുവിൽ കാറിനടുത്തേക്ക്‌ തിരിച്ചു നടന്നു. കാറിന്റെ കറുത്ത ഗ്ലാസ്സുകൾ താഴ്ത്തിയപ്പോഴാണ്‌ അവന്റെ കുടുംബവും ഉണ്ടെന്നറിഞ്ഞത്‌.
  
    അവന്റെ ഭാര്യ തന്റെ നീളൻ മുടി വെട്ടി തോളിൽ ഒതുക്കി നിർത്തിയിരിക്കുന്നു. അവൾ ചുണ്ടിൽ തേച്ച ചായം മായുമോ എന്നു ഭയന്നാവും "സുഖമല്ലേ" എന്ന വാക്കിൽ ഉപചാരം തീർത്തു. "മലയാലം പരയുന്ന" കുട്ടികളോട്‌ ബഷീറിനു ഒന്നും പറയാനില്ലായിരുന്നു. എ. സി ഓഫാക്കിയിരുന്ന കാറിലവർ അസഹിഷ്ണുതയോടെയിരുന്നു. നേരമില്ലായ്മ ജോൺഫ്രാൻസിസ്‌ സ്വന്തമാക്കിയതുപോലെ പള്ളിയിലേക്കെന്ന് പറഞ്ഞു യാത്ര പറഞ്ഞു.

    പന്ത്രണ്ട്‌ വർഷം മുൻപുള്ള കമ്മ്യൂണിസ്റ്റ്കാരനായ,പള്ളിക്കാരെ വിമർശിച്ചിരുന്ന,ഇങ്ക്ലീഷ്‌ സ്കൂളുകളെ എതിർത്ത്‌ തന്റെ മക്കളെ അവിടെ പഠിപ്പിക്കില്ലെന്ന് വാശിപിടിച്ചിരുന്ന, മലയാള ഭാഷാസ്നേഹിയായ ജോണിന്റെ, മനസ്സിൽ മരിച്ച ജഢത്തെ അയാൾ അവിടെത്തന്നെ കുഴിച്ചുമൂടി. ദീർഘകാലത്തെ ഇടവേളകൾ പരസ്പരം കാണാൻ വൈകിയിരുന്നിട്ടും ജോൺ ഫ്രാൻസിസിന്റെ മാറ്റങ്ങളുടെ അമ്പരപ്പ്‌  ഒരു ചർച്ചകൾക്കും ഇടയാകാതെ തങ്ങളിൽതന്നെ ഒടുങ്ങിയമരുന്നത്‌ ബഷീറും കുഞ്ഞാക്കയും അറിഞ്ഞു .

തിരക്കിനിടയിലും അവൻ വന്നു കണ്ടല്ലോ ..അവർ ആശ്വസിച്ചു.

   കുഞ്ഞാക്കക്ക്‌ ഡേക്ടറുടെ വീട്ടുമുറ്റത്തെ ക്യൂവിലുള്ള ഭാര്യയുടെ അടുത്ത്‌ പോകണം അവർ അങ്ങാടിയുടെ(അല്ല നഗരത്തിന്റെ)വലിയ രോഡിലൂടെ നടന്നു.ബഷീറിനു പോകെണ്ട വഴിയിലേക്ക്‌ തിരിയുന്നിടത്ത്‌ അവർ രണ്ടു വഴിക്ക്‌ പോകാനൊരുങ്ങുന്നേരം.

"ചേട്ടന്മാരേ...."

    ബസ്റ്റാന്റിലേക്കുള്ള വഴിയിൽ നിന്നും ലിജോ ഉറക്കെ വിളിച്ചു അവൻ ഓടിവരികയാണ്‌. "അമ്മേ...ഇതാ ചേട്ടന്മാരുവരുന്നൂ...ഈ ചേട്ടമ്മാരാ പൈസതന്നേ...."

     ഉറക്കെ അമ്മ കേൾക്കാൻ ഓടിവരുന്നതിനിടയിൽ വിളിച്ചു പറഞ്ഞു. അവൻ കിതച്ച്‌ മുൻപിലെത്തി ചിരിതൂകി നിന്നു.അവന്റെ പിറകിൽ ദൂരെയായി അമ്മ. സുന്ദരിയായ അ ആ സ്ത്രീ യുടെ കൂടെ ഒരു മദ്ധ്യവയസ്കനും!. അയാൾ അവരുടെ ഒരു കൈ തന്റെ കൈകളിൽ കോർത്ത്‌ നവവധൂവരന്മാരെപ്പോലെ എന്തോ പറഞ്ഞ്‌ ചിരിക്കുന്നു. ലിജോ പറഞ്ഞത്‌ അമ്മ കേട്ടില്ല.അമ്മയും കൂടെയുള്ളയാളും ചിരി നിർത്തനാവതെ ബസ്റ്റാന്റിലേക്ക്‌ നടക്കുകയാണ്‌.

"അച്ഛൻ വന്ന കാര്യം നീ എന്താ പറയാഞ്ഞെ...?"
കുഞ്ഞാക്ക ചോദിച്ചു.
"എനിക്കച്ഛനില്ല.. മരിച്ചുപോയി...അത്‌ അയലത്തെ...ചേട്ടനാ....."

ആ മറുപടിയിൽ കുറെ ചോദ്യങ്ങളവശേഷിപ്പിച്ച്‌, യാത്ര പറഞ്ഞവൻ പോയി

ലിജോയുടെ അമ്മ മാനസികരോഗിയണോ? കാഴ്ചയിൽ അങ്ങിനെ തോന്നുന്നില്ലല്ലോ.....അയാൾ ആരാണ്‌?.

  കൂർത്ത ചോദ്യങ്ങളുടെ മുനകളെ സുസ്മിതാർച്ചനകളാൽ മൂടി, കൈ വീശി അവനും കാഴ്ചകൾക്കപ്പുറത്തേക്ക്‌ ആൾകൂട്ടങ്ങളിലേക്ക്‌ മറഞ്ഞു.

    നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം കാത്തിരുന്ന് കണ്ട ജോൺഫ്രാൻസിസിന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങിയ രൂപത്തിനുപകരം, ഇന്ന് അൽപനേരം മാത്രം കണ്ട ലിജോ എന്ന കൊച്ചുകുട്ടി ബഷീറിന്റെ മനസ്സിൽ നിഷ്കളങ്കമായി പുഞ്ചിരിതൂകി. മായാതെ.