Friday, July 30, 2010

ചിന്തിക്കാനും അനുകരിക്കാനും.....ഒരു പത്ര വാർത്ത

കോടികളുടെ നിശ്ശബ്ദ സഹായത്തിന് 27 വയസ്സ്


Thursday, July 29, 2010

കോഴിക്കോട്: ഇവരുടെ അനാഥ സംരക്ഷണത്തിന് വാര്‍ഷിക മഹാസമ്മേളനങ്ങളില്ല; പേരിനുപോലും സര്‍ക്കാര്‍ സഹായമില്ല. ഭാരവാഹികളുടെ പടവും പേരും ഇന്നുവരെ ഒരു മാധ്യമത്തിലും വന്നിട്ടുമില്ല. എന്നിട്ടും, നഗരത്തില്‍ രണ്ടേക്കറില്‍ 1.25 കോടിയിലേറെ രൂപ ചെലവില്‍ ഇവര്‍ നിര്‍ധനര്‍ക്ക് പണിതത് 41 വീടുകള്‍. 27 കോടിയിലേറെ ചെലവിട്ട് സംരക്ഷണം നല്‍കിയത് നൂറു കണക്കിന് കുടുംബങ്ങള്‍ക്ക്. പരപ്പില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യതീം ഫണ്ടാ'ണ് നിശ്ശബ്ദ സേവനത്തിന്റെ 27 കൊല്ലം പിന്നിടുന്നത്.

1983 ആഗസ്റ്റ് 15 നാണ് യതീംഫണ്ട് പിറവിയെടുത്തത്. ഫ്രാന്‍സിസ് റോഡ് പരപ്പില്‍ ഭാഗത്തെ കുറേ ചെറുപ്പക്കാര്‍ 'സൊറ' പറയാന്‍ കൂടിയപ്പോള്‍ പ്രദേശത്തെ കുടുംബം നേരിടുന്ന പ്രശ്‌നവും ചര്‍ച്ചയായി. സാമ്പത്തികമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ ഗൃഹനാഥന്‍ മരിച്ചപ്പോള്‍ അഞ്ച് കുട്ടികളടങ്ങുന്ന കുടുംബം അനാഥരായതായിരുന്നു ചര്‍ച്ച. അഭിമാനമോര്‍ത്ത് കുടുംബം പട്ടിണിയറിയിക്കാതെ കഴിയുകയായിരുന്നു. അവരെ സഹായിക്കാന്‍ രൂപപ്പെട്ട കൂട്ടായ്മയാണ് യതീംഫണ്ട്. സ്വന്തം പോക്കറ്റില്‍നിന്ന് പണമെടുത്ത് ആരുമറിയാതെ കുടുംബത്തിന്റെ അഭിമാനം കാത്ത സംഘം ഇന്നും അതേ രീതി പിന്തുടരുന്നു. രണ്ട് കൊല്ലം കൂടുമ്പോള്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നുവെങ്കിലും സഹായമഭ്യര്‍ഥിച്ച് വിതരണം ചെയ്യുന്ന ബ്രോഷറില്‍പോലും ഭാരവാഹികളുടെ പേരുകാണില്ല. 37 അംഗങ്ങളുള്ള കൂട്ടായ്മയാണ് ഫണ്ട് മുന്നോട്ടുകൊണ്ടുപോകുന്നത്. കഷ്ടപ്പാടിനിടയിലും അഭിമാനമേര്‍ത്ത് വിഷമം പുറത്തറിയിക്കാത്ത നൂറു കണക്കിന് കുടുംബങ്ങളുടെ സംരക്ഷണം സംഘം ഏറ്റെടുത്തു. വീടുകളില്‍ സഹായമെത്തിക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അനാഥകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങി പണം മാസം തോറും അക്കൗണ്ടില്‍ എത്തിക്കുന്നു. പരപ്പില്‍ ബറാമി റോഡില്‍ ശമ്പളക്കാരനെ വെച്ചാണ് ഓഫിസ് പ്രവര്‍ത്തനം.

തെക്കെപ്പുറം, നല്ലളം, ബേപ്പൂര്‍ ഭാഗങ്ങളാണ് മുഖ്യപ്രവര്‍ത്തന മേഖല. അരക്കിണര്‍ പൊങ്ങിലോട്ട് കുഴിനിലത്ത് രണ്ടേക്കറില്‍ 30 വീടുകള്‍ പൂര്‍ത്തിയായി. 11 വീടുകളുടെ പണി അവസാന ഘട്ടത്തിലാണ്. അനാഥ കുട്ടികള്‍ക്ക് തൊഴില്‍-ആരോഗ്യ സംരക്ഷണം, വിവാഹ സഹായം എന്നിവയെല്ലാം നല്‍കുന്നു. ഗള്‍ഫിലെ സാധാരണക്കാരായ നാട്ടുകാരാണ് 80 ശതമാനം ചെലവും വഹിക്കുന്നത്.

പെരുന്നാള്‍ ദിനത്തില്‍ ബലി മൃഗത്തിന്റെ തോലും വരിസംഖ്യയും ചെലവുകള്‍ക്ക് ഉപയോഗിക്കുന്നു. ഏഴ് കുടുംബങ്ങള്‍ക്കായിരുന്നു തുടക്കത്തില്‍ സഹായമെങ്കില്‍ 263 കുടുംബങ്ങളെ ഇന്ന് സംഘം സഹായിച്ചുവരുന്നു. ഇതില്‍ 517 അനാഥക്കുട്ടികളുമടങ്ങുന്നു

4 comments:

 1. ഹനീഫാ. നല്ല കാര്യം.
  പുതിയ ബ്ലോഗുമായി. കൂടെ ഒരു നല്ല കാര്യം ആളുകളോട് പറയാലും ആയി.
  നന്നായി. ആശംസകള്‍.
  കൂടെ യത്തീം ഫണ്ടിന് എല്ലാ വിധ ആശംസകളും പ്രാര്‍ഥനയും.
  ഇനിയും വെറുതെ ഇരിക്കാതെ എഴുത്ത് തുടരുക.
  സ്വാഗതം പുതിയ ലോകത്തേക്കും, പുതിയ കൂട്ടുകാരിലേക്കും.

  ReplyDelete
 2. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 3. വൈകിയെങ്കിലും ആശംസകൾ.

  ReplyDelete